കൊലവെറിയിൽ കേരളം; രഹസ്യാന്വേഷണവും ആഭ്യന്തരസുരക്ഷ വിഭാഗവും പേരിനുമാത്രം

Wednesday 20 April 2022 12:18 AM IST

തിരുവനന്തപുരം: കൊലയ്ക്ക് കൊല എന്ന നിലയിൽ അക്രമങ്ങൾ പെരുകുമ്പോഴും സംസ്ഥാനത്ത് രഹസ്യാന്വേഷണ, ആഭ്യന്തരസുരക്ഷാ വിഭാഗങ്ങൾ നിർജ്ജീവം. ആഭ്യന്തര സുരക്ഷാ അഡി. ഡി.ജി.പിയുടേതടക്കം അരഡസനിലേറെ സുപ്രധാന തസ്തികകൾ രണ്ടുവർഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുന്നു. സമൂഹമാദ്ധ്യമങ്ങളിലെ കൊലവിളിയും മതസ്പർദ്ധ വളർത്തുന്ന വ്യാജപ്രചാരണങ്ങളും കണ്ടെത്തേണ്ട സൈബർഡോം കുട്ടികളുടെ നീലച്ചിത്രം പിടിക്കാനുള്ള ഓപ്പറേഷനുകളിൽ മാത്രമാണ് സജീവം. താഴേത്തട്ടിലെ രഹസ്യാന്വേഷണം പേരിനുമാത്രം.

രാഷ്ട്രീയകൊലകളുണ്ടായാൽ നേതാക്കൾക്ക് സംരക്ഷണമൊരുക്കാറുണ്ട്. ക്രിമിനൽ കേസുകളിൽ പ്രതികളല്ലാത്തവരും കുഴപ്പക്കാരല്ലാത്തവരുമായ നേതാക്കളായിരിക്കും എളുപ്പത്തിൽ ആക്രമിക്കപ്പെടുക. സമൂഹമാദ്ധ്യമങ്ങളിലെ കൊലവിളി കണ്ടെത്തി ജാഗ്രതാമുന്നറിയിപ്പ് നൽകേണ്ടതും പൊലീസ് സംരക്ഷണത്തിന് ശുപാർശ ചെയ്യേണ്ടതും രഹസ്യാന്വേഷണ വിഭാഗമാണ്. കുറ്റകൃത്യങ്ങൾക്കുള്ള സാദ്ധ്യത തിരിച്ചറിഞ്ഞ് അവ തടയാൻ യാതൊരു നടപടിയും ഇപ്പോഴില്ല.

ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ്കുമാർ 11ദിവസത്തെ അവധിയിൽ ഹിമാചൽപ്രദേശിലാണ്. ആഭ്യന്തരസുരക്ഷാ എ.ഡി.ജി.പി തസ്തികയിൽ ആളില്ല. ഏറെക്കാലമായി ഒഴിഞ്ഞുകിടന്ന, രഹസ്യാന്വേഷണത്തിന് മേൽനോട്ടം വഹിക്കേണ്ട ഇന്റലിജൻസ് ഐ.ജി തസ്തികയിൽ ജനുവരിയിൽ നിയമിതയായ ഹർഷിത അട്ടല്ലൂരിയെ മൂന്നുമാസമായപ്പോഴേക്കും മാറ്റി. ആഭ്യന്തരസുരക്ഷാ വിഭാഗം ഐ.ജി, സെക്യൂരിറ്റി ഐ.ജി, സെക്യൂരിറ്റി ഡി.ഐ.ജി എന്നീ സുപ്രധാന തസ്തികകൾ വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്നു. രഹസ്യാന്വേഷണം നടത്തേണ്ട സ്പെഷ്യൽബ്രാഞ്ചിൽ ഹെഡ്ക്വാർട്ടേഴ്സ് എസ്.പി, തിരുവനന്തപുരം റേഞ്ച് എസ്.പി തസ്തികകളും ഒഴിഞ്ഞുതന്നെ. കൊച്ചിയിൽ വി.ഐ.പി സെക്യൂരിറ്റിയുടെ ചുമതലയുള്ള കമൻഡാന്റുമില്ല. ആഭ്യന്തരസുരക്ഷാ വിഭാഗത്തിൽ കേരളമാകെ ചുമതലയുള്ള നാല് ഡിവൈ.എസ്.പിമാരാണുള്ളത്. തീവ്രവാദക്കേസുകൾ അന്വേഷിക്കുകയും, തീവ്രവാദ ബന്ധമുള്ളവരെ നിരീക്ഷിക്കുകയും ചെയ്തിരുന്ന ആഭ്യന്തര സുരക്ഷാ അന്വേഷണ വിഭാഗവും (ഐ.എസ്.ഐ.ടി) നിർജ്ജീവം.

സൈബർ പട്രോളിംഗ് വെറുതെ

സൈബർഡോം, ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർ പൊലീസ് സ്​റ്റേഷൻ എന്നിവ 24മണിക്കൂറും സൈബർ പട്രോളിംഗ് നടത്തുമെന്നാണ് ഡി.ജി.പി അനിൽകാന്ത് പറയുന്നത്. എന്നാൽ ഈ വിഭാഗങ്ങളുടെ സോഷ്യൽമീഡിയ നിരീക്ഷണവും സൈബർ പട്രോളും പേരിനു മാത്രമാണ്. സൈബർ സ്​റ്റേഷനിൽ കേസുകൾ രജിസ്റ്റർ ചെയ്യുക മാത്രമാണ് ചെയ്യുന്നത്. എൻ.ഐ.എയും ഐ.ബിയുമാണ് സാമൂഹ്യമാദ്ധ്യമങ്ങളിലെ തീവ്രവാദപ്രചാരണവും കൊലവിളിയും കണ്ടെത്തി പൊലീസിന് വിവരം നൽകുന്നത്.

''സമൂഹമാദ്ധ്യമങ്ങളിലൂടെ മതസ്പർദ്ധ വളർത്തുന്ന പ്രചാരണം നടത്തിയാലും അക്രമ സംഭവങ്ങൾക്ക് ആഹ്വാനം ചെയ്താലും കേസെടുക്കും.''

-അനിൽകാന്ത്,

ഡി.ജി.പി.

Advertisement
Advertisement