കഴിഞ്ഞവർഷം 'തുടക്കക്കാർ" 1.67 ലക്ഷം

Wednesday 20 April 2022 12:24 AM IST

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ സാമ്പത്തികവർഷം(2021-22) പുതുതായി ആരംഭിച്ചത് 1.67 ലക്ഷം കമ്പനികളെന്ന് കോർപ്പറേറ്റ് കാര്യ മന്ത്രാലയം. 2020-21 സാമ്പത്തിക വർഷം 1.55 ലക്ഷം കമ്പനികളായിരുന്നു ആരംഭിച്ചത്, വർദ്ധന എട്ട് ശതമാനം. ഈ വളർച്ച വളരെ പ്രധാനപ്പെട്ടതാണെന്നും കഴിഞ്ഞ സാമ്പത്തിക വർഷങ്ങളെ അപേക്ഷിച്ച് ഇത് വളരെ ഉയർന്ന കണക്കാണെന്നും മന്ത്രാലയം പറഞ്ഞു.
2019-20 ൽ 1.22 ലക്ഷവും, 2018-19 ൽ 1.24 ലക്ഷവും കമ്പനികളാണ് രജിസ്റ്റർ ചെയ്തിരുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ബിസിനസ് ആരംഭിക്കാനാഗ്രഹിക്കുന്നവർക്ക് അത് സുഗമമായും വേഗത്തിലും നടപ്പിലാക്കാൻ സർക്കാർ 2013 ൽ കമ്പനീസ് ആക്ടും അതോടൊപ്പം മറ്റ് പല നിയമങ്ങളും നടപ്പിലാക്കിയിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷം ബിസിനസ് മേഖലയിൽ 44,168 കമ്പനികളും നിർമാണ മേഖലയിൽ 34,640 കമ്പനികളും കമ്യൂണിറ്റി, പേഴ്സണൽ, സോഷ്യൽ സർവീസ് മേഖലയിൽ 23,416 കമ്പനികളും, കാർഷിക അനുബന്ധ മേഖലയിൽ 13,387 കമ്പനികളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതൽ കമ്പനികൾ രജിസ്റ്റർ ചെയ്ത സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയാണ് മുന്നിൽ, 31,107. തൊട്ടുപിന്നിൽ 16,969 കമ്പനികളുമായി ഉത്തർ പ്രദേശാണുള്ളത്. ഡൽഹിയിൽ 16,323 കമ്പനികൾ, കർണാടകയിൽ 13,403 കമ്പനികൾ, തമിഴ്നാട്ടിൽ 11,020 കമ്പനികൾ എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ പുതിയതായി ആരംഭിച്ച കമ്പനികളുടെ കണക്കുകൾ.

Advertisement
Advertisement