കായംകുളം താപനിലയം സോളാർ നിലയമായി ആദ്യ പ്ളാന്റ് ഉദ്ഘാടനം ഇന്ന്

Wednesday 20 April 2022 12:00 AM IST

തിരുവനന്തപുരം: ഉത്പാദനം നിലച്ച എൻ.ടി.പി.സിയുടെ കായംകുളം താപവൈദ്യുതി നിലയത്തിൽ നിന്ന് ഇനി ഹരിതോർജ്ജമായ സോളാർ വൈദ്യുതി പ്രവഹിക്കും.യൂണിറ്റിന് 3.16 രൂപ നിരക്കിൽ കെ.എസ്. ഇ.ബി വാങ്ങും.

ഒന്നാം ഘട്ടത്തിന്റെ പ്രവർത്തനം ഇന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.

പരിസ്ഥിതിക്ക് ദോഷം വരുത്തുന്നവിധം രാസവസ്തുവായ നാഫ്ത ഉപയോഗിച്ചായിരുന്നു ഇവിടത്തെ വൈദ്യുതി ഉത്പാദനം.

നാഫ്തയ്ക്ക് വില കൂടുകയും കിട്ടാൻ ബുദ്ധിമുട്ടാകുകയും ചെയ്തതോടെ വൈദ്യുതിക്ക് അമിതവില നൽകേണ്ടിവന്നു.അതോടെ കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങാതായി. 2017ൽ ഉത്പാദനം നിലച്ചു.350 മെഗാ വാട്ടായിരുന്നു ഉത്പാദിപ്പിച്ചിരുന്നത്.

പക്ഷേ, കരാർ പ്രകാരം 2025 വരെ കെ.എസ്.ഇ.ബി. പ്രതിവർഷം നൂറ് കോടിരൂപ വീതം ഫിക്സഡ് നിരക്ക് നൽകണം.

ഈ പശ്ചാത്തലത്തിലാണ് എൻ.ടി.പി.സിയിലെ ആയിരം ഏക്കർ സ്ഥലത്ത് സോളാർ പാടം നിർമ്മിക്കാനുള്ള നിർദ്ദേശമുണ്ടായത്.

താപനിലയത്തിന്റെ കൈവശമുള്ള 500 ഏക്കർ കായൽപരപ്പിൽ സോളാർപാടം സജ്ജമാക്കാൻ തീരുമാനമായി. മൊത്തം 92 മെഗാവാട്ടാണ് ഉത്പാദനം.22മെഗാവാട്ടിന്റെ ആദ്യഘട്ടമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ശേഷിക്കുന്ന 70 മെഗാവാട്ട് പ്ളാന്റിന്റെ നിർമ്മാണം ജൂലായിൽ പൂർത്തിയാകും.

മൊത്തം 464കോടി രൂപയാണ് ചെലവ്.

22 മെഗാവാട്ടിന്റെ പദ്ധതി 170 ഏക്കർ സ്ഥലത്ത് ബി.എച്ച്.ഇ.എല്ലും 70 മെഗാവാട്ടിന്റെ പദ്ധതി 310 ഏക്കർ സ്ഥലത്ത് ടാറ്റാ പവറുമാണ് നിർമ്മിക്കുന്നത്.പദ്ധതി പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഫ്ളോട്ടിംഗ് സോളാർ പദ്ധതിയായി മാറും. ആന്ധ്രയിലെ രാമഗുണ്ടത്തുള്ള 100മെഗാവാട്ടിന്റെ ഫ്ളോട്ടിംഗ് സോളാർ പ്ളാന്റാണ് ഏറ്റവും വലുത്.

Advertisement
Advertisement