വാഹനങ്ങളുടെ ഗ്ലാസിൽ പാടില്ലൊരു ഒട്ടിപ്പും പറ്രിക്കപ്പെടരുതെന്ന് മോട്ടോർ വാഹന വകുപ്പ്

Wednesday 20 April 2022 12:00 AM IST

തിരുവനന്തപുരം: വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഗ്ലാസുകളിൽ ഒരു തരത്തിലുള്ള ഒട്ടിപ്പുകളും പാടില്ല.കറുത്ത പേപ്പർ ഒട്ടിക്കാനേ പാടില്ല. ലാമിനേറ്റ് ചെയ്യാൻ പാടില്ല. പ്ലാസ്റ്റിക് ലെയറും പാടില്ല. ഇതെല്ലാം ആകാമെന്ന തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ വിശ്വസിച്ച് പേപ്പറൊക്കെ ഒട്ടിച്ച് വണ്ടിയുമായി നിരത്തിലിറങ്ങിയാൽ പണി കിട്ടും. ഗ്ലാസ് പരിശോധനയ്ക്കായി സ്പെഷ്യൽ ഡ്രൈവൊന്നും ഉടൻ ഇല്ലെങ്കിലും വാഹനപരിശോധനയുടെ കൂട്ടത്തിൽ ഗ്ലാസും പരിശോധിക്കും. നിയമം തെറ്റിച്ചാൽ ആദ്യം പിഴ 250 രൂപ ഈടാക്കും. ആവർത്തിച്ചാൽ 500 രൂപ. പിന്നെയും ആവർത്തിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും.

2020 ജൂലായിൽ കേന്ദ്രമോട്ടോർവാഹന നിയമത്തിലെ ചാപ്റ്റർ അഞ്ചിലെ റൂൾ 100ൽ വരുത്തിയ ഭേദഗതിയിലാണ് മുൻവശത്തെയും പിൻവശത്തെയും ഗ്ലാസുകളിൽ 70 ശതമാനവും വശങ്ങളിലെ ഗ്ലാസുകളിൽ 50 ശതമാനവും സുതാര്യതവേണമെന്ന നിബന്ധനയുള്ളത്.

വാഹനങ്ങളുടെ നിർമ്മാതാക്കളാണ് ഇക്കാര്യം ഉറപ്പാക്കേണ്ടത്. അതായത് യഥാക്രമം 70, 50 ശതമാനം സുതാര്യതയുള്ള ഗ്ലാസുകൾ വാഹനത്തിനൊപ്പം നിർമ്മാതാക്കൾ നൽകും. വാഹന ഉടമ മറ്റൊരു വസ്തുകൊണ്ടും ഇത് ചെയ്യാൻ പാ‌ടി​ല്ലെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

ചില നിർമ്മാതാക്കൾ ഈ വ്യവസ്ഥ പാലിച്ച് പ്രകാശതീവ്രത കുറയ്ക്കുന്ന ടിൻഡ് ഗ്ലാസും ലാമിനേറ്റഡ് ഗ്ലാസുമൊക്കെ വാഹനങ്ങളിൽ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ലാമിനേറ്റ‌ഡ് ഗ്ലാസ് എന്ന വാക്കി​നെ, ഗ്ലാസ് ഉടമയ്ക്ക് ലാമിനേറ്റു ചെയ്യാമെന്നൊക്കെ ചില കേന്ദ്രങ്ങൾ വ്യാഖ്യാനിച്ച് പ്രചരിപ്പിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായത്.

പ്രകാശതീവ്രത കുറയ്ക്കുന്ന ചില്ലുകൾ ഘടിപ്പിച്ച വാഹനങ്ങൾ വിപണിയിലെത്തിക്കാൻ വാഹനനിർമ്മാതാക്കൾക്ക് 2023 മാർച്ചുവരെ കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം സാവകാശം അനുവദിച്ചിട്ടുണ്ട്.

''നിർമ്മാതാക്കൾ തരുന്ന വാഹനത്തിലെ ഗ്ലാസിൽ പുതിയതായി ഒരു ഗ്ലെയ്സിംഗ് മെറ്റീരിയലും ഒട്ടിക്കാൻ പാടില്ല. തെറ്റായ പ്രചാരണങ്ങൾ വിശ്വസിക്കാതിരിക്കുക''- ശശികുമാർ, ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ

Advertisement
Advertisement