മംഗലപുരത്ത് കാറപകടം റോഡിൽ ചോരയിൽ കുളിച്ചു കിടന്ന കുരുന്നിനെ സ്‌പീക്കർ വാരിയെടുത്തു

Wednesday 20 April 2022 12:23 AM IST

തിരുവനന്തപുരം:അപകടത്തിൽപ്പെട്ട കാറിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ എട്ടു മാസം പ്രായമുള്ള പിഞ്ചോമനയെയും മാതാപിതാക്കളെയും ജീവിതത്തിലേക്ക് കൈപിടിച്ച് സ്‌പീക്കർ എം.ബി. രാജേഷ്. കണിയാപുരം സ്വദേശി ഷെബിനും സഹറയു ഏകപുത്രനായ ഇസാനും ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ദേശീയപാതയിൽ മംഗലപുരത്തിന് സമീപം ഇന്നലെ രാത്രി ഒൻപതരയോടെയാണ് അപകടമുണ്ടായത്. മംഗലാപുരത്ത് നിന്ന് പള്ളിപ്പുറത്തേക്കുള്ള വഴിയിൽ ഒരു വളവ് തിരിഞ്ഞപ്പോൾ ഇവർ സഞ്ചരിച്ച മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് ബാരിക്കേഡിൽ തട്ടി മറിയുകയിരുന്നു. ഇതിന്റെ ആഘാതത്തിൽ തുറന്ന ഡോറിലൂടെ ഇസാനും അമ്മ സഹറയും പുറത്തേക്ക് തെറിച്ചുവീണു. സഹറയ്ക്ക് കഴുത്തിന് പരിക്കുണ്ട്. കാർ ഓടിച്ച ഷെബിൻ സീറ്റ്ബെൽറ്റ് ധരിച്ചിരുന്നതിനാൽ പുറത്തേക്ക് തെറിച്ചു വീഴാതെ കാറിൽ തന്നെ കുടുങ്ങി. ഷെബിനും വലിയ പരിക്കില്ല.

പാലക്കാട് തൃത്താലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു സ്പീക്ക‌ർ. അപകടസ്ഥലത്ത് റോഡിൽ ചോരയിൽ കുളിച്ചു കിടന്ന ഇസാനെ കണ്ട് സ്പീക്കർ കാർ നിറുത്തിച്ച് ഇറങ്ങി വാരിയെടുക്കുകയായിരുന്നു. കുറച്ചകലെ കാർ അപകടത്തിൽപ്പെട്ട നിലയിൽ കിടക്കുന്നതും അദ്ദേഹം കണ്ടു. പുറത്തു കിടന്ന സഹറയും ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ഷെബിനും അബോധാവസ്ഥയിലായിരുന്നു. ഉടൻതന്നെ എല്ലാവരെയും ആശുപത്രിയിൽ എത്തിക്കാൻ ഒപ്പമുണ്ടായിരുന്ന പൊലീസുകാർക്ക് സ്പീക്കർ നിർദ്ദേശം നൽകി. മൂവരെയും പൊലീസ് വാഹനത്തിൽ തൊട്ടടുത്തുള്ള കഴക്കൂട്ടം സി.എസ്.ഐ മിഷൻ ഹോസ്പിറ്റലിലാണ് ആദ്യം എത്തിച്ചത്. പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചു. മൂന്ന് പേരും അപകടനില തരണം ചെയ്തു. സ്പീക്കർ ഇടയ്ക്കിടെ ആശുപത്രിയിൽ വിളിച്ച് കുഞ്ഞിന്റെ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹത്തോട് വളരെ നന്ദിയുണ്ടെന്നും ഷെബിൻ പറഞ്ഞു.

പാലക്കാട്ടുനി​ന്ന് തി​രുവനന്തപുരത്തേക്ക് വരവെയാണ് അപകടദൃശ്യം കണ്ടത്. കുടുംബത്തെ ആശുപത്രി​യി​ൽ എത്തി​ച്ച് രക്ഷി​ക്കാനായതി​ൽ അതി​യായ സന്തോഷമുണ്ട്.

എം.ബി​. രാജേഷ്

നി​യമസഭാ സ്പീക്കർ

Advertisement
Advertisement