കേരളത്തിനാകാത്തത് നേടാൻ പെരുംകുളം  പരിപൂർണ സാക്ഷരത ലക്ഷ്യമിട്ട് പുസ്തകഗ്രാമം

Wednesday 20 April 2022 12:24 AM IST
മൈലം ഗ്രാമപഞ്ചായത്തിലെ ഇരുപത്തിയെട്ടാം നമ്പർ അംഗൻവാടിയിൽ നടന്ന ചടങ്ങിൽ പരിപൂർണ സാക്ഷരതായജ്ഞത്തിന് സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടർ ഡോ.എച്ച്.സാബു തിരിതെളിക്കുന്നു

കൊട്ടാരക്കര: കേരളം സമ്പൂർണ സാക്ഷരത നേടി പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും നൂറ് ശതമാനം സാക്ഷരത എന്ന ലക്ഷ്യം ഇനിയും കൈവരിക്കാനായിട്ടില്ല. തൊണ്ണൂറ് മുകളിലെത്തിയപ്പോഴാണ് സമ്പൂർണ സാക്ഷരതാപ്രഖ്യാപനം ഉണ്ടായത്. എന്നാൽ, നൂറ് ശതമാനം സാക്ഷരരുള്ള ഗ്രാമമാക്കി പെരുംകുളത്തെ മാറ്റുക എന്നതാണ് ബാപ്പുജി സ്മാരക വായനശാലയുടെ ലക്ഷ്യം. പെരുംകുളം പുസ്തകഗ്രാമം അതിനുള്ള യജ്ഞത്തിലാണ്.

ഗ്രാമത്തിലെ എല്ലാ വീടുകളിലും സർവേ നടത്തി അക്ഷരമധുരം നുണയാത്തവരുടെ പട്ടിക ഇതിനകം തയ്യാറാക്കിക്കഴിഞ്ഞു. അവർക്കായി പ്രത്യേക ക്ളാസുകളെടുക്കും. അക്ഷരം പഠിപ്പിച്ചശേഷം പിന്നീട് നാലാംതരം, ഏഴാംതരം തുടങ്ങി മുകളിലേക്കുള്ള തുല്യതാ ക്ളാസുകളിലേക്കും അവരെ എത്തിക്കാനാണ് ശ്രമം.

ഗ്രാമം നിറയെ പുസ്തക കൂടുകൾ വച്ചും എല്ലാ വീടുകളിലും ഗാന്ധിജിയുടെ ആത്മകഥയെത്തിച്ചും ഹോം ലൈബ്രറികളൊരുക്കിയും ഒരുപാടുപേരെ ചേർത്തുനിർത്തി നോവലെഴുതിച്ചും വിദ്യാഭ്യാസപരമായും കാർഷികപരമായും നിരവധി പ്രവർത്തനങ്ങളും നടത്തിയും ബാപ്പുജി സ്മാരക വായനശാല ഇതിനകം തന്നെ സജീവമായത്. പുസ്തക ഗ്രാമമെന്ന ബഹുമതികൂടി സർക്കാർ നൽകിയതോടെ പെരുംകുളത്ത് കൂടുതൽ ഊർജ്ജസ്വലമായ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

സൗജന്യമായി വസ്ത്രം വിതരണം ചെയ്യാനുള്ള കുപ്പായക്കൂടും സായന്തനങ്ങൾ രസകരമാക്കാനുള്ള സൊറവരമ്പും പഴമയുടെ തനിമയുമായി റേഡിയോ പാർക്കും ഗ്രാമത്തിലൊരുങ്ങി. പുസ്തക സ്തൂപത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. മറ്റ് നിരവധിയായ പ്രവർത്തനങ്ങളിലൂടെ പെരുംകുളം മാതൃകയാകുമ്പോഴാണ് പരിപൂർണ സാക്ഷരതാ യജ്ഞവും ഏറ്റെടുത്തത്.

1.39 ശതമാനം പേർക്ക്

കൂടി അക്ഷരമധുരം

പെരുംകുളം ഗ്രാമത്തിൽ 1.39 ശതമാനം ആളുകൾ കൂടി ഇനി സാക്ഷരരാകാനുണ്ട്. കൊട്ടാരക്കര എസ്.ജി കോളേജിലെ എൻ.എസ്.എസ് വോളന്റിയർമാർ നടത്തിയ സർവേയിലാണ് ഇത്രയും നിരക്ഷരരർ ഗ്രാമത്തിലുണ്ടെന്ന് മനസിലാക്കിയത്. സംസ്ഥാന സാക്ഷരതാ മിഷന്റെ സഹായത്തോടെ ഇവരെക്കൂടി സാക്ഷരരാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സെപ്തംബർ 8ന് സാക്ഷരതാ ദിനത്തിൽ പരിപൂർണ സാക്ഷരതാ ഗ്രാമമായി പ്രഖ്യാപിക്കും.

പരിപൂർണ സാക്ഷരത

യജ്ഞത്തിന് തുടക്കം

മൈലം ഗ്രാമപഞ്ചായത്തിലെ ഇരുപത്തെട്ടാം നമ്പർ അംഗൻവാടിയിൽ നടന്ന ചടങ്ങിൽ പരിപൂർണ സാക്ഷരതാ യജ്ഞത്തിന് സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടർ ഡോ.എച്ച്.സാബു തിരിതെളിച്ചു. അസി.ഡയറക്ടർ സന്ദീപ് ചന്ദ്രൻ സാക്ഷരതാ സന്ദേശം നൽകി. ബാപ്പുജി സ്മാരക വായനശാല പ്രസിഡന്റ് പെരുംകുളം രാജീവ് അദ്ധ്യക്ഷത വഹിച്ചു. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ പഠന സാമഗ്രികൾ വിതരണം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.ജോൺസൺ, അജിത് കുമാർ, സി.കെ.പ്രദീപ് കുമാർ, രാജൻ ബോധി, ഡോ.ജെ.വിജയമ്മ, ജി.സുരേഷ് കുമാർ, അഖില മോഹൻ, ജി.ആഷ, സി.ഷീജ, ജെ.അംബിക, എ.കെ.ഷൈനി എന്നിവർ സംസാരിച്ചു.

Advertisement
Advertisement