ജനറം ഓഫീസിന്റെ പേരിൽ കെ.എസ്.ആർ.ടി.സിപ്പോര്

Thursday 21 April 2022 3:32 AM IST

 ഏപ്രിൽ മൂന്നിന് പൂട്ടി, 12ന് തുറന്നു


കൊച്ചി: 190 ജനറം ബസുകൾ തുരുമ്പെടുത്ത് നശിച്ച എറണാകുളം കെ.എസ്.ആർ.ടി,.സി ഡിപ്പോയിൽ ജനറം ഓഫീസിന്റെ പേരിൽ തമ്മിലടി. ജനറം ഓഫീസിന് ദിവസങ്ങൾക്ക് മുമ്പ് താഴിട്ടെങ്കിലും ഉന്നതങ്ങളിലറിയാതെ വീണ്ടും തുറന്നു.

ജനറം ബസ് വരുമാനവും സർവീസുകളും കുറവാണെന്നും ഓഫീസും പ്രത്യേക ഉദ്യോഗസ്ഥരും ആവശ്യമില്ലെന്നും ചീഫ് ട്രാഫിക് ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ഏപ്രിൽ മൂന്നിന് ഓഫീസ് അടച്ചത്. ജനറം ഇൻസ്‌പെക്ടർ ഇൻ-ചാർജ്, ജനറം സ്റ്റേഷൻ മാസ്റ്റർ ഉദ്യോഗസ്ഥരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഓഫീസ് അടച്ചതോടെ ഇൻസ്‌പെക്ടർ ഇൻ-ചാർജ് അവധിയിൽ പ്രവേശിച്ചു. ജനറം സ്റ്റേഷൻ മാസ്റ്റർ ആയിരുന്നയാളെ ജനറൽ സ്‌റ്റേഷൻ മാസ്റ്ററുമാക്കി.

ഇതോടെ 15 സർവീസും അഡിഷണൽ സർവീസും നടക്കാറുണ്ടായിരുന്ന ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ കുറഞ്ഞ് 10വരെയായി. പ്രതിദിനം ആറുലക്ഷം വരെ ഉണ്ടായിരുന്ന വരുമാനം രണ്ടുലക്ഷത്തിലേക്ക് കൂപ്പുകുത്തി. അതോടെ ഓഫീസ് വീണ്ടും തുറക്കാൻ തീരുമാനമായി. ഏപ്രിൽ 12ന് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസറുടെ നിർദേശ പ്രകാരം ഓഫീസ് തുറന്നു. ഇൻസ്‌പെക്ടർ ഇൻ-ചാർജ് ആയിരുന്നയാളെ അതേ തസ്തികയിൽ വീണ്ടും കൊണ്ടുവന്നു. ഓഫീസ് തുറക്കാനുള്ള തീരുമാനം തിരുവനന്തപുരത്തെ ചീഫ് ട്രാഫിക് ഓഫീസറെ അറിയിച്ചിട്ടുമില്ല.

 ഓഫീസ് തുറന്നു, വരുമാനം കൂടി
ജനറം ഓഫീസ് വീണ്ടും തുറന്നതോടെ അഡിഷണൽ സർവീസുകൾ പുനരാരംഭിച്ചു; വരുമാനം 5,40,000ലേക്ക് കുതിച്ചു. അവധി ദിനങ്ങളിലും സർവീസും വരുമാനവും കൂടി.

 ഓഫീസില്ലാ തേവര
നിരവധി ജനറം ബസുകൾ കാടുകയറി കിടക്കുന്ന തേവര ഡിപ്പോയിലെ ജനറം ഓഫീസ് നാളുകൾക്ക് മുന്നേപൂട്ടി. ഇവിടെ മെയിന്റനൻസ് ഓഫീസ് മാത്രമാണ് ഇപ്പോഴുള്ളത്.

 ഓഫീസ് വീണ്ടും തുറന്നപ്പോഴുള്ള വരുമാനം
(തീയതി, വരുമാനം)

17- 3,64,000
18- 5,64,000
19- 5,00,000ന് മുകളിൽ

Advertisement
Advertisement