കൊച്ചിക്ക് കുതിപ്പേകാൻ ട്രാവൽ മാർട്ട് ടൂറിസം മേള

Thursday 21 April 2022 3:51 AM IST

കൊച്ചി: ദൈവത്തിന്റെ സ്വന്തം നാട് കൊവിഡിനെ മറികടന്നെന്ന സന്ദേശം ലോകത്തിന് നൽകുന്ന കേരള ട്രാവൽ മാർട്ടിന്റെ പുതിയ പതിപ്പ് കൊച്ചിക്ക് ഉൾപ്പെടെ ടൂറിസം മേഖലയ്ക്ക് പുത്തനുണർവേകുമെന്ന് പ്രതീക്ഷ. യുദ്ധഭൂമിയായ യുക്രെയിനിൽ നിന്നുൾപ്പെടെ പ്രതിനിധികൾ പങ്കെടുക്കും. ഏഴായിരം വാണിജ്യ കൂടിക്കാഴ്ചകൾക്ക് വേദിയാകുന്ന കെ.ടി.എം വിദേശസഞ്ചാരികളുടെ ഒഴുക്കും ശക്തമാക്കുമെന്നാണ് പ്രതീക്ഷ.

69 രാജ്യങ്ങളിലെ ടൂർ ഓപ്പറേറ്റർമാർ കൊച്ചിയിലെത്തും. റഷ്യ, യുക്രെയിൻ, അമേരിക്ക, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളെത്തും. ഇന്ത്യൻ ടൂർ ഓപ്പറേറ്റർമാരുമായി കൂടിക്കാഴ്ച നടത്താനും ബിസിനസ് ഉറപ്പിക്കാനും പ്രത്യേക കൂടിക്കാഴ്ചകൾക്കും അവസരമുണ്ട്. ഏഴായിരം കൂടിക്കാഴ്ചകൾ മുൻകൂട്ടി നിശ്ചയിച്ചുകഴിഞ്ഞെന്ന് കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു പറഞ്ഞു.

കൊച്ചി പ്രവേശനകവാടം

കേരളത്തെ മൂന്നു മേഖലകളായി തിരിച്ച് ടൂറിസം സാദ്ധ്യതകൾ വിനിയോഗിക്കാൻ കെ.ടി.എമ്മിന് പദ്ധതിയുണ്ട്. തെക്കൻ കേരളം, മദ്ധ്യകേരളം, മലബാർ എന്നിങ്ങനെയാണ് മേഖലകൾ.

കൊച്ചി, ആലപ്പുഴ, മൂന്നാർ, തേക്കടി, കുമരകം, തൃശൂർ എന്നിവ ഉൾപ്പെട്ടതാണ് മദ്ധ്യകേരളത്തിലെ പദ്ധതികൾ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാദ്ധ്യതകൾ വിനിയോഗിച്ച് കൂടുതൽ സഞ്ചാരികളെ ആകർഷിക്കും. ഉത്തരേന്ത്യയിൽ നിന്ന് കൂടുതൽ സഞ്ചാരികളെ എത്തിക്കാനും കഴിയും.

കണ്ണൂർക്ക് പറക്കാം

കെ.ടി.എം പ്രതിനിധികളായ 62 പേരുമായി ചാർട്ടേർഡ് വിമാനം കൊച്ചിയിൽ നിന്ന് കണ്ണൂരിലേക്ക് പറക്കും. മലബാർ ജില്ലകളിൽ ഇവർ പര്യടനം നടത്തി ടൂറിസം സാദ്ധ്യതകൾ വിലയിരുത്തും. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലും മറ്റൊരു സംഘമെത്തും.

അന്വേഷണം ഉഷാർ

വിദേശത്തുനിന്നും വടക്കേയിന്ത്യയിൽ നിന്നും ടൂർ ഓപ്പറേറ്റർമാരുടെ അന്വേഷണങ്ങൾ ഏറെയുണ്ടെന്ന് കെ.ടി.എം മുൻ പ്രസിഡന്റ് എബ്രഹാം ജോർജ് പറഞ്ഞു.

സർക്കാർ, സ്വകാര്യ മേഖലകളുടെ സഹകരണത്തോടെ രൂപീകരിച്ച കേരള ട്രാവൽ മാർട്ട് സൊസൈറ്റി സംഘടിപ്പിക്കുന്ന 11-ാമത് ട്രാവൽ മാർട്ടാണ് മേയ് 5 മുതൽ 8 വരെ കൊച്ചിയിൽ നടക്കുക. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം വെർച്വൽ മീറ്റായിരുന്നു; ആറായിരം പേർ പങ്കെടുത്തു.

Advertisement
Advertisement