ഭാര്യയെ വഴിയിൽ തടഞ്ഞ്, കൊടുവാളിന് വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി, അനുജത്തിയുടെ കൈപ്പത്തി വെട്ടിമാറ്റി

Thursday 21 April 2022 12:00 AM IST
കൊല്ലപ്പെട്ട രമാവതി

കൊല്ലം: പിണങ്ങിക്കഴിഞ്ഞ ഭാര്യയെ വഴിയിൽ തടഞ്ഞുനിറുത്തി കൊടുവാളിന് വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവ് തൂങ്ങി മരിച്ചു. ആക്രമണം ചെറുത്ത ഭാര്യയുടെ അനുജത്തിയുടെ കൈപ്പത്തി വെട്ടിമാറ്റി.

കൊട്ടാരക്കര നെടുവത്തൂർ പുല്ലാമല കല്ലുവിള താഴതിൽ വീട്ടിൽ രാജൻ (63), ഭാര്യ രമാവതി (58) എന്നിവരാണ് മരിച്ചത്. രമാവതിയുടെ അനുജത്തി രതിയുടെ കൈപ്പത്തിയാണ് അറ്റുപോയത്. ഇന്നലെ രാവിലെ 11 ഓടെയാണ് നാടിനെ നടുക്കിയ സംഭവം.

രാജനും രമാവതിയും ഏറെനാളായി പിണങ്ങിക്കഴിയുകയാണ്. മക്കളായ രാജേഷ്, രമേശ് എന്നിവർക്കൊപ്പമാണ് രമാവതി താമസിച്ചിരുന്നത്. രാജൻ സമീപത്തുള്ള കുടുംബവീട്ടിൽ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. കുടുംബപ്രശ്നങ്ങൾ സംബന്ധിച്ച് പുത്തൂർ പൊലീസിൽ കേസ് നിലവിലുണ്ട്. ഇതേത്തുടർന്ന് വീട്ടിൽ കയറുന്നത് പൊലീസ് വിലക്കിയിരുന്നു.

ഇന്നലെ രാവിലെ കുറുമ്പാലൂരിൽ താമസിക്കുന്ന അനുജത്തി രതിക്കൊപ്പം രമാവതി ഇസാഫ് ബാങ്കിന്റെ ആഴ്ചപ്പിരിവിനും ചിട്ടിപ്പിരിവിനുമായി പുറത്തുപോയിരുന്നു. തിരികെ മടങ്ങും വഴി റബർ തോട്ടത്തിൽ നിന്ന് വിറക് ശേഖരിക്കുമ്പോഴാണ് പതിയിരുന്ന രാജൻ കൊടുവാളുമായി ചാടിവീണത്.

രമാവതിയുടെ കഴുത്തിലും കൈയിലും കാലിലുമടക്കം ആറുതവണ വെട്ടി. കഴുത്തിന്റെ രണ്ട് ഭാഗങ്ങളിലായുള്ള വെട്ടാണ് മരണകാരണമെന്നാണ് സൂചന. തടയാൻ ശ്രമിച്ചപ്പോഴാണ് രതിക്ക് വെട്ടേറ്റത്. നിലവിളിച്ചുകൊണ്ട് രതി റബർതോട്ടം പിന്നിട്ട് റോഡിലിറങ്ങിയപ്പോഴാണ് നാട്ടുകാർ ഓടിക്കൂടിയത്. രതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു.

പുത്തൂർ പൊലീസ് നടത്തിയ തെരച്ചിലിലാണ് രതിയുടെ കൈപ്പത്തി കുറ്റിക്കാട്ടിൽ നിന്ന് കണ്ടെടുത്തത്. ഇതും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സമയം അതിക്രമിച്ചതിനാൽ തുന്നിച്ചേർക്കാനായില്ല.

മരിച്ചെന്ന് ഉറപ്പാക്കി

രമാവതി മരിച്ചെന്ന് ഉറപ്പാക്കിയശേഷമാണ് രാജൻ മുങ്ങിയത്. പൊലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് കുടുംബ വീട്ടിൽ രാജനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മൃതദേഹങ്ങളും ഇൻക്വസ്റ്റിനുശേഷം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

പുത്തൂർ സി.ഐ സുഭാഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഡിവൈ.എസ്.പിയടക്കമുള്ളവർ സംഭവ സ്ഥലം സന്ദർശിച്ചു. വെട്ടാൻ ഉപയോഗിച്ച ആയുധം കണ്ടെത്താനായിട്ടില്ല. മുറിവിന്റെ ആഴവും മറ്റും പരിശോധിച്ചാണ് കൊടുവാളുകൊണ്ട് വെട്ടിയതാണെന്ന നിഗമനത്തിലെത്തിയത്.

Advertisement
Advertisement