350 ആഫ്രിക്കൻ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസവുമായി അമൃത സർവകലാശാല

Thursday 21 April 2022 12:24 AM IST

ന്യൂഡൽഹി: അമൃത വിശ്വവിദ്യാപീഠത്തിന്റെ നേതൃത്വത്തിൽ 350 ആഫ്രിക്കൻ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസത്തിനുള സ്‌കോളർഷിപ്പ് നൽകും. ന്യൂഡൽഹി താജ്പാലസ് ഹോട്ടലിൽ നടന്ന അമൃതആഫ്രിക്ക സമ്മേളനത്തിലാണ് സകോളർഷിപ്പുകൾ പ്രഖ്യാപിച്ചത്. വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ പങ്കെടുത്ത സമ്മേളനത്തിൽ മാതാ അമൃതാനന്ദമയീമഠം വൈസ് ചെയർമാനും അമൃത സർവകലാശാല പ്രസിഡന്റുമായ സ്വാമി അമൃതസ്വരൂപാനന്ദ പുരി അദ്ധ്യക്ഷനായി. സർവകലാശാലയുടെ ചാൻസലർ കൂടിയായ മാതാ അമൃതാനന്ദമയി ചടങ്ങിൽ സന്ദേശം നൽകി.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ മുഖ്യാതിഥിയായിരുന്നു. അമൃത സർവകലാശാല വൈസ് ചാൻസലർ ഡോ.പി.വെങ്കട്ട് രംഗൻ, പ്രൊ വോസ്റ്റ് ഡോ.മനീഷ.വി.രമേഷ്, അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ.പ്രേം നായർ, എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഭാരതം ഇന്ന് വളരെ മുന്നിലാണെന്നും മികച്ച സർവകലാശാലകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കണക്കിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകത്ത് ഒന്നാം സ്ഥാനത്ത് ഇന്ത്യ തന്നെയാണെന്നും വി.മുരളീധരൻ പറഞ്ഞു. മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസവും മിതമായ ഫീസുമാണ് മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നത്. അമൃത സർവകലാശാല അടക്കമുള്ള മികവിൻ്റെ കേന്ദ്രങ്ങൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയുടെ യശസ്സുയർത്തുന്നതിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനായി ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് വിസ ലഭിക്കുന്നതിനുള്ള കാലതാമസവും മറ്റ് ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ നടപടികൾ എടുത്തിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി കൂട്ടിച്ചേർത്തു.

അമൃത സർവകലാശാല ലൈഫ് സയൻസസ് ഡീൻ ഡോ. ബിപിൻ നായർ സ്വാഗതവും പി.ജി പ്രോഗാംസ് ഡീൻ ഡോ. കൃഷ്ണശ്രീ അച്യുതൻ നന്ദിയും പറഞ്ഞു. സർവകലാശാലയുമായും അമൃത ആശുപത്രിയുമായും വിവിധ മേഖലകളിൽ സഹകരിക്കാൻ വിവിധ രാജ്യങ്ങളുമായി ഉടൻ തന്നെ ധാരണയാകുമെന്ന് അമൃത വിശ്വ വിദ്യാപീഠം അധികൃതർ അറിയിച്ചു.

Advertisement
Advertisement