ജി​ല്ല​യിൽ ഇ​നി​ ​കൂ​ടു​ത​ൽ​ ​ നി​രീ​ക്ഷ​ണ​ ​കി​ണ​റു​കൾ

Thursday 21 April 2022 12:47 AM IST

ജില്ലയിൽ നിലവിലുള്ള നിരീക്ഷണ കിണറുകൾ- 64

പുതിയതായി സ്ഥാപിക്കുന്ന ഷാലോ പീസോമീറ്റർ നിരീക്ഷണ കിണറുകൾ- 24

പാലക്കാട്: ഭൂഗർഭജലത്തിന്റെ അളവറിയാൻ കൂടുതൽ നിരീക്ഷണ കിണറുകളുമായി ഭൂഗർഭജലവകുപ്പ്. ഡിജിറ്റൽ രീതിൽ ജലവിതാന പരിശോധന നടത്താവുന്ന രീതിയിലുള്ള 'ഷാലോ പീസോമീറ്റർ' നിരീക്ഷണ കിണറുകളാണ് സ്ഥാപിക്കുന്നത്. ഇതുവഴി ഭൂഗർഭജലനിരപ്പ് ശാസ്ത്രീയമായി അറിയുന്നതിനൊപ്പം ജലവിതാനം കുറഞ്ഞ പ്രദേശങ്ങളിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്താനും ജലലഭ്യത മനസിലാക്കി കുടിവെള്ളത്തിനും കൃഷിക്കും ഉൾപ്പെടെ പദ്ധതികൾ ആസൂത്രണം ചെയ്യാനും സഹായിക്കും. നിലവിൽ ജില്ലയിൽ ഭൂഗർഭജല വകുപ്പിന് കീഴിൽ 64 നിരീക്ഷണ കിണറുകളാണുള്ളത്. ഇതിൽ 30 കിണറുകളും 34 കുഴൽ കിണറുകളുമാണുള്ളത്. ഇതിനു പുറമെയാണ് പുതിയതായി 24 ഷാലോ പീസോമീറ്ററുകൾ സ്ഥാപിക്കുന്നത്.

ഓരോ അരമണിക്കൂറിലും റീഡിംഗ് നടക്കും

നിരീക്ഷണ കിണറുകളിൽ ഉദ്യോഗസ്ഥരാണ് പരമ്പരാഗത രീതിയിൽ ജലനിരപ്പ് പരിശോധിക്കുന്നത്. എന്നാൽ പുതിയ കിണറുകളിൽ ഡിജിറ്റൽ വാട്ടർ ലെവൽ റെക്കോർഡർ സംവിധാനം വഴി ജലവിതാനപരിശോധന നടത്താൻ സാധിക്കും. ഓരോ അരമണിക്കൂറിലും ഡിജിറ്റൽ രീതിയിൽ സ്വാഭാവികമായി റീഡിംഗ് നടക്കും. ഈ വിവരങ്ങൾ ഭൂഗർഭജല വകുപ്പിന്റെ കേന്ദ്ര സെർവറിലേക്ക് ലഭിക്കുകയും ചെയ്യും. ഇത് ഭൂഗർഭജല വകുപ്പ് ഓൺലൈനായി പ്രസിദ്ധീകരിക്കുന്നതോടെ തദ്ദേശസ്ഥാപനങ്ങൾക്ക് അതത് പ്രദേശത്തെ ഭൂഗർഭജലവിതാനം അറിയാൻ സാധിക്കും. ഭൂഗർഭജലനിരപ്പ് താഴ്ന്ന പ്രദേശങ്ങളിൽ ജലചൂഷണ പ്രവർത്തികൾ നടക്കുന്നുണ്ടെങ്കിൽ തദ്ദേശസ്ഥാപനങ്ങൾ അത് തടയാനും സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. സംസ്ഥാനത്താകെ ഇത്തരത്തിൽ 700 ഷാലോ പീസോമീറ്റർ നിരീക്ഷണ കിണറുകളാണ് നിർമ്മിക്കുക. കൂടാതെ നിലവിലെ പഴയ നിരീക്ഷണ കിണറുകളെയും ഡിജിറ്റൽ രീതിയിലേക്ക് മാറ്റുന്ന പ്രവർത്തികളും നടന്നുവരുകയാണ്.

മൂന്ന് നിരീക്ഷണ കിണറുകൾ പൂർത്തിയായി

നിലവിൽ ജില്ലയിൽ മൂന്ന് ഷാലോ പീസോമീറ്റർ നിരീക്ഷണ കിണറുകളുടെ പ്രവൃത്തി പൂർത്തിയായി. കൊഴിഞ്ഞാമ്പാറ, വണ്ടാഴി, നെന്മാറ എന്നിവിടങ്ങളിലാണ് ഷാലോ പീസോമീറ്റർ നിരീക്ഷണ കിണറുകൾ സ്ഥാപിച്ചിരിക്കുന്നത്. ബാക്കിയുള്ള കിണറുകളുടെയും പ്രാരംഭ പ്രവർത്തികൾ പുരോഗമിക്കുകയാണ്.

കെ.പുരുഷോത്തമൻ, ജില്ലാ ഓഫീസർ, ഭൂഗർഭജല വകുപ്പ്, പാലക്കാട്.

Advertisement
Advertisement