ചിത്രങ്ങൾ തിരിച്ചറിഞ്ഞ് റെക്കാഡ്സിൽ ഇടം നേടി രണ്ടര വയസുകാരൻ

Thursday 21 April 2022 1:03 AM IST
അലിയുൽ മുർത്തല

  • അലിയുൽ മുർത്തലയെ തേടിയെത്തിയത് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സ്

പരപ്പനങ്ങാടി: വയസ് മൂന്ന് തികഞ്ഞിട്ടില്ല, എന്നാൽ അലിയുൽ മുർത്തല മിടുമിടുക്കനാണ്. സ്വാതന്ത്ര്യ സമര സേനാനികളെ, ശാസ്ത്രജ്ഞരെ, മറ്റു ലോക പ്രശസ്തരെയെല്ലാം ഈ മിടുക്കന് അറിയാം. ഐസക് ന്യൂട്ടൻ മുതൽ മഹാത്മാ ഗാന്ധിവരെ ലോകപ്രശസ്തരായ വ്യക്തിത്വങ്ങളെ എടുത്തു കാണിച്ച് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടിയിരിക്കയാണ് അലിയുൽ മുർത്തല.

പരപ്പനങ്ങാടി ചെട്ടിപ്പടി കീഴ്ച്ചിറ സ്വദേശികളായ പട്ടത്തൊടിക ഉബൈസ് - ഹാദിയ ദമ്പതികളുടെ ഏക മകനാണ് അലിയുൽ മുർത്തല. രണ്ടു വയസ് ആയപ്പോഴേക്കും ആരുടെയെങ്കിലും ചിത്രം കാണിച്ച് പറഞ്ഞുകൊടുത്താൽ കുട്ടി അത് ഏറ്റുപറയും. ഒറ്റത്തവണ പറഞ്ഞുകൊടുത്തതിന് ശേഷം പിന്നീട് ആ ചിത്രം കാണിച്ചു കൊടുത്താൽ അത് ആരാണെന്നു തിരിച്ചറിയുന്ന കഴിവാണ് ഈ കൊച്ചുമിടുക്കനെ വേറിട്ടതാക്കിയത്. കുട്ടിയുടെ ഈ കഴിവ് മാതാവ് ഹാദിയയുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടാനുള്ള സാഹചര്യം ഉണ്ടായത്. പേപ്പർ ഗ്ലാസ് അടുക്കിവെച്ച് സ്തൂപത്തിന്റെ മാതൃകയിൽ ആക്കാനും കുട്ടിക്ക് അറിയാം. ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ, ചൈന വൻ മതിൽ, മറ്റ് വന്യ മൃഗങ്ങൾ ഇതെല്ലാം തിരിച്ചറിയാനും കുട്ടിക്ക് കഴിയും.

ഗൂഗിൾ വഴി അപേക്ഷ അയച്ചതിനു ശേഷം കിട്ടിയ മറുപടി പ്രകാരം രണ്ടുമൂന്നു തവണ വീഡിയോ അയച്ചു കൊടുത്തിരുന്നു. അതിന് ശേഷമാണ് കുട്ടിയെ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സിലേക്ക് തെരഞ്ഞെടുത്തത്.

- ഹാദിയ (മാതാവ്)

Advertisement
Advertisement