കടബാദ്ധ്യത: യുവകർഷകൻ ബസ്‌ സ്റ്റോപ്പിൽ തൂങ്ങിമരിച്ചു

Thursday 21 April 2022 1:11 AM IST

കൽപ്പറ്റ: കടബാദ്ധ്യത മൂലം യുവകർഷകൻ ബസ് സ്റ്റോപ്പിൽ തുങ്ങിമരിച്ചു. തിരുനെല്ലി പഞ്ചായത്ത് കോട്ടിയൂരിലെ കെ.വി. രാജേഷാണ് (35) ബസ് സ്റ്റോപ്പിൽ തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച രാത്രി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ രാജേഷിനെ വീട്ടുകാരും ബന്ധുക്കളും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്നലെ രാവിലെ കോട്ടിയൂർ ബസ് സ്റ്റോപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൃഷി ആവശ്യത്തിനായി ബാങ്കുകൾ അയൽക്കൂട്ടങ്ങൾ എന്നിവിടങ്ങളിൽ നിന്നും സ്വകാര്യവ്യക്തികളിൽ നിന്നും വായ്പ വാങ്ങി രാജേഷ് കൃഷി ചെയ്തെങ്കിലും ഭീമമായ നഷ്ടമുണ്ടായി. കഴിഞ്ഞ വർഷം ചെയ്ത വാഴക്കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു. തുടർന്ന് വളരെ പ്രതീക്ഷയോടെ ഈ വർഷം നെൽക്കൃഷി ഇറക്കിയെങ്കിലും അതും കാട്ടാനകൾ നശിപ്പിച്ചു. ഒരു ഏക്കർ വയലിലും, അര ഏക്കർ കരഭൂമിയിലും കൃഷി ചെയ്തുള്ള വരുമാനത്താലായിരുന്നു രാജേഷിന്റെ കുടുംബം കഴിഞ്ഞിരുന്നത്. കൃഷിനാശം സംഭവിച്ചിട്ടും വനംവകുപ്പോ കൃഷിവകുപ്പോ മറ്റ് വകുപ്പുകളോ യാതൊരുവിധ ധനസഹായവും രാജേഷിനോ കുടുംബത്തിനോ നൽകിയിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഇൻക്വസ്റ്റിന് ശേഷം മാനന്തവാടി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭാര്യ: പ്രേമ. മക്കൾ: വിജയ്, വിനോദ് ,വിശ്വനി.

Advertisement
Advertisement