ഒരിടവേളയ്ക്ക് ശേഷം വീണ്ടും കെ റെയിൽ കല്ലിടൽ; പ്രതിഷേധിച്ചവരെ പൊലീസ് ചവിട്ടി വീഴ്ത്തി, ക്രൂര മർദനം

Thursday 21 April 2022 10:43 AM IST

തിരുവനന്തപുരം: കഴക്കൂട്ടം കരിച്ചാറയിൽ സിൽവർ ലെെൻ കല്ലിടലിനായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ശക്തമായ പ്രതിഷേധമാണ് സ്ഥലത്ത് നടക്കുന്നത്. നാട്ടുകാർക്കൊപ്പം പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.

ഇതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പൊലീസ് നടപടിയിൽ ചിലർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ. വിവരമറിഞ്ഞ് കൂടുതൽ പ്രതിഷേധക്കാർ സ്ഥലത്തെത്തി.

ഉന്തിനും തളളിനും ഇടയിൽ പ്രതിഷേധക്കാരെ പൊലീസ് ചവിട്ടി വീഴ്‌ത്തി. ഇതിൽ ഒരാൾ നിലത്ത് കിടന്നുകൊണ്ട് പ്രതിഷേധിച്ചു. ഒരു പ്രകോപനവുമില്ലാതെ പൊലീസ് അടിക്കുകയായിരുന്നുവെന്ന് ഇയാൾ പറഞ്ഞു. പ്രതിഷേധത്തെത്തുടർന്ന് കല്ലിടൽ നിർത്തിവച്ചു. സ‌ർവെ ഉദ്യോഗസ്ഥ‌ർ സ്ഥലത്തുനിന്നും മടങ്ങി.

ഒരിടവേളയ്ക്ക് ശേഷമാണ് സിൽവർ ലെെൻ കല്ലിടൽ പുനരാരംഭിച്ചത്. ഒരു മാസമായി നിർത്തിവച്ച കല്ലിടൽ സിപിഎം പാർട്ടി കോൺഗ്രസ് അവസാനിച്ചതിനു പിന്നാലെയാണ് പുനരാരംഭിച്ചത് എന്നത് ശ്രദ്ധേയമാണ്.