ഭൂരഹിതർക്ക് ഭൂമിയും പട്ടയവും നൽകും: മന്ത്രി കെ.രാജൻ

Friday 22 April 2022 12:02 AM IST
വടകരയിൽ റവന്യൂ ടവർ ശിലാസ്ഥാപനവും പട്ടയ വിതരണവും നിർവഹിച്ച് മന്ത്രി കെ.രാജൻ പ്രസംഗിക്കുന്നു

വടകര: ഭൂരഹിതരെ ഭൂമിയും പട്ടയവും നൽകി സംരക്ഷിക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ. ഭൂമി സ്വന്തമെന്ന് പറയാൻ രേഖയില്ലാത്ത 4660 കുടുംബങ്ങൾക്കാണ് പട്ടയം നൽകിയതെന്നും കൊയിലാണ്ടി, വടകര താലൂക്കുകളിലെ പട്ടയ വിതരണവും വടകര റവന്യൂ ടവർ പ്രവൃത്തി ഉദ്ഘാടനവും നിർവഹിച്ച് മന്ത്രി പറഞ്ഞു.

കേവലം ഭൂമി കൈവശമിരിക്കുന്നവർക്ക് പട്ടയം കൊടുക്കുക മാത്രമല്ല, ഒരു തണ്ടപ്പേരിന് പോലും അർഹരല്ലാതെ ജിവിക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും ഭൂമി കൊടുക്കുകയാണ് ലക്ഷ്യം.

വടകരയിൽ രണ്ടു ഘട്ടമായാണ് റവന്യു ടവർ നിർമിക്കുക. ആദ്യഘട്ടത്തിൽ 11 ഓഫീസുകൾ ഉൾക്കൊള്ളുന്ന കെട്ടിട സമുച്ചയം ഉയരും. ഇതിൽ താലൂക്ക് ഓഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, സബ് ട്രഷറി, ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസ്, നടക്കുതാഴ വില്ലേജ് ഓഫീസ്, ചൈൽഡ് ഡവലപ്‌മെന്റ് ഓഫീസ്, റവന്യു റിക്കവറി, ലീഗൽ മെട്രോളജി, ലാൻഡ് അക്വിസിഷൻ സ്‌പെഷ്യൽ തഹസിൽദാർ, റീസർവേ എന്നിവ ഉൾപ്പെടുത്തും. എൺപത്തി എട്ടോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്ന ബേസ്‌മെന്റ്, രണ്ട് ലിഫ്റ്റ് അടക്കം വിപുലമായ സൗകര്യങ്ങളും ഈ കെട്ടിടത്തിൽ ഒരുക്കും. ജനങ്ങൾക്ക് നിരന്തരം ബന്ധപ്പെടേണ്ട താലൂക്ക് ഓഫീസ്, ട്രഷറി മുതലായവ താഴത്തെ നിലയിൽ പ്രവർത്തിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. 28.13 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ആദ്യഗഡുവായി ലഭിച്ച 20 കോടി രൂപ മുതൽ മുടക്കിയാണ് 63 സെന്റ് സ്ഥലത്ത് ഒന്നാം ഘട്ട നിർമ്മാണം ആരംഭിക്കുന്നത്. സംസ്ഥാന ഭവന നിർമാണ ബോർഡിനാണ് കെട്ടിട നിർമാണ ചുമതല. ഒരു വർഷം കൊണ്ട് കെട്ടിട നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

വടകര പുതിയ ബസ്‌ സ്റ്റാൻഡിൽ നിന്ന് ഘോഷയാത്രയായാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വേദിയിലേക്കെത്തിയത്. കെ.കെ.രമ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ, വടകര നഗരസഭാംഗങ്ങളായ ടി.കെ.പ്രഭാകരൻ, പ്രേമകുമാരി, ജില്ലാ കളക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി, ഭവന നിർമാണ ബോർഡ് ചീഫ് എൻജിനിയർ കെ.പി. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement