വയ്യാത്ത കാലുകൾ മോഹത്തിന് വഴിമാറി, അടിയന്തരാവസ്ഥ പിള്ളയെ വക്കീലാക്കി

Friday 22 April 2022 12:00 AM IST
കെ.ശിവശങ്കര പിള്ള കോടതിയിലേക്ക് നടന്നുപോകുന്നു

കൊല്ലം: പതിയെ നടന്നും ഇഴഞ്ഞും അഡ്വ. കെ. ശിവശങ്കരപ്പിള്ള പ്രവേശിക്കുന്നു. എല്ലാവരും കൈകൂപ്പുന്നു. കാലുകളുടെ പരിമിതി വക്കീലാവാൻ ശിവശങ്കരപ്പിള്ളയ്‌ക്ക് തടസമായിരുന്നില്ല. പതിനേഴാം വയസിൽ മൊട്ടിട്ട സ്വപ്നം 57 ാം വയസിൽ സാക്ഷാത്കരിക്കുമ്പോൾ മനസ്സുനിറയെ സന്തോഷമായിരുന്നു.

പിള്ളയ്ക്ക് 17 വയസുള്ളപ്പോഴാണ് രാജ്യം അടിയന്തരാവസ്ഥയുടെ ഇരുട്ടിലായത്. പിന്നാലെയെത്തിയ രാജൻ കേസ് നാടിന്റെ കണ്ണീരായി. നിലമേൽ എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥിയായ ശിവശങ്കരപ്പിള്ളയുടെ മനസിൽ അമർഷത്തിന്റെ കനലെരിഞ്ഞു. ഈച്ചര വാരിയർ 1977ൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തത് കോളേജിൽ വലിയ ചർച്ചയായി. ഹേബിയസ് കോർപ്പസ് എന്തെന്നറിയാനും നീതി നിഷേധങ്ങൾ ചെറുക്കാനും കറുത്ത ഗൗൺ അണിയാൻ പിള്ള അന്ന് തീരുമാനിച്ചു. ഇപ്പോൾ കൊട്ടാരക്കര കോടതിയിൽ പിള്ളയുടെ വാദങ്ങൾക്കും വാക്‌സാമർത്ഥ്യത്തിനും മുന്നിൽ എതിർഭാഗം പതറും. കോടതിമുറിയിലെത്തി വാദം തുടങ്ങിയാൽ, ഈ 63കാരന് പുലിയുടെ ശൗര്യം.

ചടയമംഗലം ഇടയ്ക്കോട് നന്ദനത്തിൽ പരേതരായ ശങ്കരനാരായണന്റെയും ലക്ഷ്‌മിക്കുട്ടിയുടെയും ഏഴ് മക്കളിൽ മൂന്നാമനായ ശിവശങ്കരപ്പിള്ളയ്‌ക്ക് ജന്മനാ കാലിന് വൈകല്യമുണ്ടെങ്കിലും പഠിക്കാൻ മിടുക്കനായിരുന്നു. ബി.എ ഇക്കണോമിക്സ് പൂർത്തിയാക്കി എൽഎൽ.ബിക്ക് ചേർന്നു. പരീക്ഷ എഴുതും മുമ്പേ എൽ.ഡി ക്ളാർക്കായി ജോലി ലഭിച്ചു.1984ൽ പുനലൂർ കോടതിയിൽ ജോലിയിൽ പ്രവേശിച്ചു. 1988ൽ നിയമ പരീക്ഷ പാസായി. പുനലൂർ വനംകോടതിയിൽ സൂപ്രണ്ടായിരിക്കെ 2013 മേയിൽ വിരമിച്ചതിന്റെ അടുത്ത മാസമാണ്

വക്കീൽ കോട്ടണിഞ്ഞ് കൊട്ടാരക്കര കോടതിയിലെത്തിയത്. ഏറെ നാൾ ജോലി ചെയ്തിടത്ത് വക്കീൽക്കുപ്പായമണിഞ്ഞ് എത്തുമ്പോൾ യാതൊരു പരിഭ്രമവും തോന്നിയില്ല. സീനിയർ അഭിഭാഷകരുൾപ്പെടെ പിള്ളയെ സ്വാഗതം ചെയ്തു. കോടതിയിലെ വരവും പോക്കും രസാനുഭവമായി. വാട്ടർ അതോറിട്ടിയിൽ നിന്നു വിരമിച്ച ഭാര്യ പ്രഭാവതിയും എം.എ വിദ്യാർത്ഥിയായ മകൻ വിഷ്ണുശങ്കറുമാണ് പിന്തുണ.

വക്കീലായെത്തിയപ്പോൾ നോട്ടംകൊണ്ടുപോലും ആരും കളിയാക്കിയില്ല. പരിമിതികളൊന്നും ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. ഇനി 10 വർഷം കൂടി വക്കീലായി പ്രാക്ടീസ് ചെയ്യണം.

- കെ. ശിവശങ്കരപിള്ള

Advertisement
Advertisement