ലീഗിനോടുള്ള സി.പി.എം സമീപനം എന്നും വ്യക്തം : വിജയരാഘവൻ

Friday 22 April 2022 12:42 AM IST

തിരുവനന്തപുരം: മുസ്ലിംലീഗിനോടുള്ള സി.പി.എമ്മിന്റെ സമീപനം എല്ലാ കാലത്തും വ്യക്തമാണെന്നും ഇ.പി. ജയരാജന്റെ പ്രസ്താവന താൻ കേട്ടില്ലെന്നും പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു.

മുന്നണി വിപുലീകരിക്കുമോയെന്ന ചോദ്യത്തിന് രാഷ്ട്രീയത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുകയെന്ന് പറയാനാവില്ല എന്നായിരുന്നു വിജയരാഘവന്റെ മറുപടി. പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി നിയമിക്കാനുള്ള സംസ്ഥാന സമിതി തീരുമാനം ഏകകണ്ഠമായിരുന്നു.

പൊലീസ് സമാധാനം പാലിക്കാനാണ് ശ്രമിക്കുന്നതെന്ന് കഴക്കൂട്ടത്ത് സിൽവർലൈൻ പ്രതിഷേധക്കാരിലൊരാളെ പൊലീസ് ചവിട്ടിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ വിജയരാഘവൻ പറഞ്ഞു. ഒരു വിഭാഗം മാദ്ധ്യമങ്ങൾ സി.പി.എമ്മിനെയും സർക്കാരിനെയും സ്ഥിരമായി എതിർക്കുകയാണ്.

രാമനവമി, ഹനുമാൻ ജയന്തി ആഘോഷ ദിവസങ്ങൾ ഇപ്പോൾ ന്യൂനപക്ഷങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും ബുൾഡോസർ കയറ്റിയിറക്കുന്ന ദിവസങ്ങളാവുന്ന ഭീതിജനകമായ അന്തരീക്ഷമാണ് സംഘപരിവാർ സൃഷ്ടിച്ചിരിക്കുന്നത്. കോൺഗ്രസിനെ പോലുള്ള പാർട്ടികൾ ഇതിനെ ഗൗരവത്തോടെ കാണുന്നില്ല. കൈയേറ്റം ഒഴിപ്പിക്കൽ എന്ന മറവിൽ ന്യൂനപക്ഷങ്ങൾ താമസിക്കുന്ന ഇടങ്ങളിലാണ് ബുൾഡോസർ കയറ്റിയത്. വർഗീയ ചേരിതിരിവും ജനങ്ങളിൽ ഭിന്നിപ്പുമുണ്ടാക്കി വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കാനാണ് സംഘപരിവാർ നീക്കം. തിരഞ്ഞെടുപ്പ് വിജയത്തിനായി വർഗീയ വിഭജനമുണ്ടാക്കുന്ന പ്രവൃത്തികൾ വിപുലമാവുകയാണ്. സി.പി.എമ്മിന്റെ ദേശീയ നേതൃത്വം ജനങ്ങൾക്കൊപ്പം പ്രതിഷേധത്തിന്റെ മുൻനിരയിൽ നിന്നപ്പോൾ കോൺഗ്രസ് പ്രതിഷേധം പ്രസ്താവനയിലൊതുക്കി. വരുന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് എങ്ങനെ ബദലാവുമെന്ന് അറിയാൻ പ്രശാന്ത് കിഷോറിനെ വിളിച്ചുവരുത്തിയ കോൺഗ്രസ് നേതൃത്വത്തിന് ഗൗരവബുദ്ധിയോടെ കാര്യങ്ങളെ കാണാനാവുന്നില്ല. രാജ്യം നേരിടുന്ന തീവ്ര വർഗീയതയുടെ ഗൗരവമുൾക്കൊള്ളാൻ കോൺഗ്രസിനാകുന്നില്ല.

കേരളത്തിലെ മതസൗഹാർദ്ദത്തെ ദുർബലമാക്കാൻ ആർ.എസ്.എസും എസ്.ഡി.പി.ഐയും ശ്രമിക്കുകയാണ്. അക്രമത്തെയും അക്രമികളെയും അപലപിക്കാതെ സർക്കാരിനെ കുറ്റപ്പെടുത്തുന്ന വർഗീയ ശക്തികളും കോൺഗ്രസും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.

Advertisement
Advertisement