30 പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി ലാഭത്തിലാക്കും: മന്ത്രി രാജീവ്

Friday 22 April 2022 12:01 AM IST

തിരുവനന്തപുരം: നടപ്പ് സാമ്പത്തിക വർഷം സംസ്ഥാനത്തെ 30 പൊതുമേഖലാസ്ഥാപനങ്ങൾ കൂടി ലാഭത്തിലാക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഇപ്പോൾ 21 സ്ഥാപനങ്ങൾ ലാഭത്തിലാണ്. പൊതുമേഖലാസ്ഥാപനങ്ങളുടെ കാലികമായ പുനഃസംഘടനയാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സ്വയംഭരണാവകാശം നൽകുന്നതിനായി വിദഗ്ദ്ധ സമിതി ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ പോൾ ആന്റണിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുമേഖലാ സ്ഥാപനങ്ങൾ കേരളത്തിന്റെ മാത്രം സവിശേഷതയായി മാറുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. പൊതുമേഖലയെ സംരക്ഷിച്ച് ബദലായി ഉയർത്തിക്കാട്ടുകയെന്നതാണ് സർക്കാർ നയം. അതിന് പൊതുമേഖലാസ്ഥാപനങ്ങൾ മത്സരാധിഷ്ഠിതവും ലാഭകരവുമായിരിക്കണം. അത്തരം ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. ജൂൺ 17നുള്ളിൽ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കണം. ഇതിനെ അടിസ്ഥാനമാക്കിയാകും ഇനി സാമ്പത്തിക സഹായം നൽകുന്നത്. സ്വയം പര്യാപ്തമല്ലാത്ത ഒരു സ്ഥാപനത്തിനും പ്രവർത്തിക്കാനാകില്ല. സ്ഥാപനങ്ങൾക്കുള്ള സർക്കാർ ഗ്രാന്റ് ഒറ്റത്തവണയായി നൽകും.

ജീവനക്കാർക്ക് ഇൻസെന്റീവ്

ജീവനക്കാരുടെ പ്രവർത്തന മികവ് കൃത്യമായി വിലയിരുത്തി ഇൻസെന്റീവ് നൽകുമെന്ന് മന്ത്രി പറഞ്ഞു. മാനേജീരിയൽ തസ്തികകളിലേക്ക് കൃത്യമായ നടപടികളിലൂടെയാകും സ്ഥാനക്കയറ്റം. എല്ലാ ബോർഡുകളിലും മൂന്നുപേർ പ്രൊഫഷണലുകളായിരിക്കണം. എല്ലാ ബോർഡിലും അക്കൗണ്ട്‌സ് കമ്മിറ്റി ഉണ്ടായിരിക്കണം. തീരുമാനങ്ങൾ അതാത് സ്ഥാപനങ്ങളിൽ തന്നെ സ്വീകരിക്കണം. എല്ലാ ഫയലുകളും സർക്കാരിലേക്ക് അയയ്ക്കുന്ന പതിവ് ഒഴിവാക്കണം.

Advertisement
Advertisement