ജനത്തെ ചവിട്ടി വീഴ്ത്തുന്നതാണോ വികസനത്തിന്റെ സ്വാദ്: വി.മുരളീധരൻ

Friday 22 April 2022 12:06 AM IST

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് ആർജ്ജവമുണ്ടെങ്കിൽ കെ-റെയിൽ പദ്ധതി പ്രദേശത്തെ ജനങ്ങളോട് നേരിട്ട് സംവദിക്കാൻ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. വികസനത്തിന്റെ സ്വാദ് ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ പദ്ധതി പ്രദേശങ്ങളിൽ അദ്ദേഹം നേരിട്ടൊന്ന് വരണം. അങ്ങനെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തി പദ്ധതികൾ നടപ്പാക്കുകയെന്നതാണ് ജനാധിപത്യ രീതി. മുഖ്യമന്ത്രി പറഞ്ഞ വികസനത്തിന്റെ സ്വാദ് കണിയാപുരം കാരിച്ചാറയിൽ എല്ലാവർക്കും കിട്ടി. ജനങ്ങളെ പൊലീസിനെ വിട്ട് ചവിട്ടി വീഴ്ത്തുന്നതാണ് വികസനത്തിന്റെ സ്വാദ്.

ജനങ്ങൾക്കുവേണ്ടി എനിക്ക് കഴിയാവുന്നതെല്ലാം ഞാൻ ചെയ്യുന്നുണ്ട്. എന്നാൽ പിണറായി വിജയനും ഇ.പി ജയരാജനും കമ്മിഷൻ കിട്ടാനുള്ള നടപടികൾക്ക് ഞാൻ കൂട്ടുനിൽക്കില്ല. കഴിഞ്ഞ 5 ദിവസം തിരുവനന്തപുരത്തെ സിൽവർലൈൻ പദ്ധതി പ്രദേശത്ത് ഞാൻ നേരിട്ട് പോയിരുന്നു. ജനങ്ങളുടെ വിഷമങ്ങളും കണ്ണീരും നേരിട്ട് കണ്ടു. ഇവരുടെ ഭൂമി പിടിച്ചെടുക്കാൻ പൊലീസുകാരെ വിട്ട് ജനങ്ങളെ ചവിട്ടി വീഴ്ത്തി വികസനത്തിന്റെ സ്വാദ് പകർന്ന് നൽകുന്ന മുഖ്യമന്ത്രിയുടെ സമീപനം ദയവുചെയ്ത് ആവർത്തിക്കരുത്. ജനങ്ങളുടെ അനുവാദമില്ലാതെ ഭൂമി ഏറ്റെടുക്കാൻ സമ്മതിക്കില്ല. ബി.ജെ.പി അവരോടൊപ്പം നിൽക്കും. പദ്ധതിയെക്കുറിച്ച് കേന്ദ്ര റെയിൽവേ മന്ത്രി ഉൾപ്പെടെ നിലപാട് വ്യക്തമാക്കിയിട്ടും മുന്നോട്ട് പോകുന്നത് ആരുടെയോ കൈയിൽ നിന്ന് അച്ചാരം വാങ്ങിയത് കൊണ്ടാകാം.

Advertisement
Advertisement