അതിജീവനത്തിനായി ചെറുവനങ്ങൾ: ഒരുക്കിയത് 79 പച്ചത്തുരുത്തുകൾ

Friday 22 April 2022 12:51 AM IST
പച്ചത്തുരുത്തുകൾ

മലപ്പുറം: തരിശ് ഭൂമിയിൽ പച്ചപ്പൊരുക്കാനായി ഹരിതകേരള മിഷൻ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപന പ്രദേശങ്ങളിൽ സൃഷ്ടിച്ചത് 79 പച്ചത്തുരുത്തുകൾ. വൻമരങ്ങൾ, കുറ്റിച്ചെടികൾ, ഫലവൃക്ഷങ്ങൾ, പൂമരങ്ങൾ, ഔഷധച്ചെടികൾ തുടങ്ങി ജൈവ വൈവിധ്യങ്ങൾ നിറഞ്ഞതാണ് പൊന്നാനി, തിരൂർ, പാണ്ടിക്കാട്, കോട്ടക്കൽ, നിലമ്പൂർ മേഖലകളിലായി ഒരുക്കിയ ഓരോ പച്ചത്തുരുത്തുകളും.

എരവിമംഗലം താഴെപ്പറ്റകുന്നിലും വട്ടപ്പാറയിലുമായി എട്ടേക്കർ സ്ഥലത്താണ് ജില്ലയിലെ ഏറ്റവും വലിയ പച്ചതുരുത്ത്. എട്ട് ഏക്കർ സ്ഥലത്ത് വൃക്ഷങ്ങൾ, കുറ്റിച്ചെടികൾ, വള്ളിച്ചെടികൾ, ഔഷധ സസ്യങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചാണ് താഴെപ്പറ്റകുന്നിൽ പച്ചതുരുത്ത് സൃഷ്ടിച്ചത്. നഗരസഭയിലെ 22 ാം വാർഡിലെ മാലിന്യ സംസ്‌കരണ പ്ലാന്റിനോട് ചേർന്നുള്ള മൂന്ന് ഏക്കറിലെ വട്ടപ്പാറ പച്ചത്തുരുത്തിൽ വൈവിധ്യമാർന്ന വൃക്ഷങ്ങളും പച്ചവള്ളി പടർപ്പുകളും നട്ടുവളർത്തിയും പരിപാലിച്ചും ജില്ലയിലെ മികച്ച പച്ചതുരുത്തായി മാറ്റിയെടുക്കുകയായിരുന്നു.

2005ൽ നഗരസഭ മാലിന്യ സംസ്‌കരണ പ്ലാന്റിനായി വിലയ്ക്ക് വാങ്ങിയ 13.5 ഏക്കറിൽ ഗ്രീൻ ബെൽറ്റ് എന്ന വിധത്തിലാണ് 3.5 ഏക്കറിൽ വൃക്ഷലതാധികൾ വച്ചുപിടിപ്പിച്ചു തുടങ്ങിയത്. മാവ്, പ്ലാവ്, റംബുട്ടാൻ, അരിനെല്ലി, പപ്പായ, നെല്ലിക്ക, മധുരപ്പുളി തുടങ്ങി 600 വൃക്ഷതൈകളാണ് നിലവിൽ തുരുത്തിലുള്ളത്. ഇതിനാവശ്യമായ മികച്ച ഇനം ഫലവൃക്ഷ തൈകൾ കൃഷി വകുപ്പിന്റെയും വനംവകുപ്പിന്റെയും സഹായത്തോടെ സമാഹരിക്കുകയും ബാക്കി നഗരസഭ വിലയ്ക്ക് വാങ്ങുകയുമായിരുന്നു.

മാതൃകാ പ്രവർത്തനം

പരിസ്ഥിതി പുനഃസ്ഥാപനത്തിനും ഹരിതവത്കരണത്തിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതി ജില്ലയിൽ നടപ്പാക്കുന്നത്. മറ്റ് ധനസ്രോതസുകളെ ആശ്രയിക്കാതെ പൂർണമായും തൊഴിലുറപ്പ് പദ്ധതിയെ പ്രയോജനപ്പെടുത്തിയാണ് പച്ചത്തുരുത്തുകളുടെ നിർമ്മാണം. സർക്കാർ വകുപ്പുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പൊതു സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർ ചേർന്നാണ് ഈ മേഖലയിലെ മാതൃകാ പ്രവർത്തനം.

പൊതുസ്ഥലങ്ങളിലുൾപ്പടെ തരിശ്സ്ഥലങ്ങൾ കണ്ടെത്തി ഫലവൃക്ഷത്തൈകളും തദ്ദേശീയമായ സസ്യങ്ങളും നട്ടുവളർത്തി സ്വാഭാവിക വനങ്ങളുടെ ചെറു മാതൃകകൾ സൃഷ്ടിക്കുകയും പ്രദേശിക ജൈവ വൈവിധ്യം പുന:സ്ഥാപിക്കുകയുമാണ് പച്ചത്തുരുത്തുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. പെരിന്തൽമണ്ണ നഗരസഭയിലാണ് ജില്ലയിൽ ഏറ്റവും വലിയ പച്ചത്തുരുത്ത് ഒരുക്കിയത്.

- ടി.വി.എസ് ജിതിൻ, ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ

Advertisement
Advertisement