ജനങ്ങൾ പ്രതീക്ഷിക്കുന്ന പരിഷ്കാരങ്ങൾക്ക് മുൻഗണന : മുഖ്യമന്ത്രി

Friday 22 April 2022 1:03 AM IST

തിരുവനന്തപുരം: ജനങ്ങൾ പ്രതീക്ഷിക്കുന്ന പരിഷ്കാരങ്ങൾക്കാണ് സർക്കാരിന്റെ മുൻഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിലെ പുതിയ പരിഷ്കാരമായ തൊട്ടറിയാം പി.ഡബ്ള്യു.ഡി സംവിധാനത്തിന്റെ ഉദ്ഘാടനം മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ സർക്കാർ വകുപ്പുകളിലും ഓൺലൈൻ സേവന സംവിധാനം കാര്യക്ഷമമായി നടപ്പാക്കും. ഓഫീസുകളിൽ കയറിയിറങ്ങി മനം മടുത്ത് നിൽക്കുന്നത് ഒഴിവാക്കണം. പദ്ധതിയുടെ സഹായം വകുപ്പിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഏതൊരു കാര്യത്തെക്കുറിച്ചും ജനങ്ങൾക്ക് കൃത്യമായി അറിയാനും ഉപകരിക്കും. ഇക്കാര്യത്തിൽ മാതൃകാപരമായ നിലപാടാണ് പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചിട്ടുള്ളത്.

നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ അതേപ്പറ്റി മനസിലാക്കാൻ താത്പര്യമുള്ള ധാരാളം പേരുണ്ട്. അവർക്ക് അതറിയാനുള്ള സംവിധാനമുണ്ടായിരുന്നില്ല. അതിലാണ് മാറ്റം വന്നത്. എല്ലാ കാര്യങ്ങളും അറിയാൻ അവകാശമുള്ളവരാണ് ജനങ്ങൾ. പൊതുമരാമത്ത് വകുപ്പിലെ പുതിയ പരിഷ്കാരങ്ങളെല്ലാം നല്ല രീതിയിൽ ജനങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഇതും അതേ നിലയ്ക്ക് സ്വീകരിക്കും. നിർമ്മാണ പ്രവൃത്തികളിലും വകുപ്പിന്റെ പ്രവർത്തനത്തിലും ജനങ്ങൾ ആഗ്രഹിക്കുന്ന കാര്യക്ഷമത വളർത്തിക്കൊണ്ടുവരാൻ ഇത് ഉപകരിക്കും.

എല്ലാ മേഖലയിലും ഇത്തരം പരിഷ്കാരങ്ങൾ നടപ്പാക്കാൻ സർക്കാർ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തി.

മന്ത്രി പി.എ. മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. പ്രോജക്ടിനെ സംബന്ധിച്ച വീഡിയോയുടെ പ്രകാശനം മുഖ്യമന്ത്രി നിർവ്വഹിച്ചു. പൊതുമരാമത്ത് ചീഫ് എൻജിനിയർ ഐജിൻ ആൽബർട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. മേയർ ആര്യാ രാജേന്ദ്രൻ, വി.കെ. പ്രശാന്ത് എം.എൽ.എ, പ്രിൻസിപ്പൽ സെക്രട്ടറി അജിത്കുമാർ, പൊതുമരാമത്ത് ജോയിന്റ് സെക്രട്ടറി സാംബശിവറാവു, കൊച്ചിൻ സ്മാർട്ട് മിഷൻ സി.ഇ.ഒ ഷാനവാസ്, എസ്. സുഹാസ് , ചീഫ് എൻജിനിയർ അജിത് രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement