ദേശീയപാത വികസനത്തിന് ഏറ്റെടുക്കാനുള്ളത് 3 ഹെക്ടർ

Friday 22 April 2022 2:24 AM IST

കൊല്ലം: ജില്ലയിൽ ദേശീയപാത 66 വികസനത്തിനുള്ള ഭൂമിയേറ്റെടുക്കൽ പൂർത്തിയാകുന്നു. ഇനി മൂന്ന് ഹെക്ടർ ഭൂമി മാത്രമാണ് ഏറ്റെടുക്കാൻ അവശേഷിക്കുന്നത്.
ഹാജരാക്കാത്തവരുടെ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. വടക്കേവിളയിലെ ഭൂമി സംബന്ധിച്ച പ്രശ്നങ്ങൾ വരും ദിവസങ്ങളിൽ പരിഹരിച്ച് ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഏറ്റെടുത്ത ഭൂമിയിൽ വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന വ്യാപാര സ്ഥാപനങ്ങൾക്കുള്ള നഷ്ടപരിഹാര തുക നിശ്ചയിച്ച് വിതരണം ആരംഭിച്ചു.

സ്ഥലമേറ്റെടുക്കൽ ഏതാണ്ട് പൂർത്തിയായതോടെ റോഡ് വികസന ജോലികൾ ആരംഭിച്ചു. ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ മുറിച്ചുനീക്കി തുടങ്ങി. കെട്ടിടങ്ങൾ പൊളിക്കുന്ന ജോലികളും നടന്നുവരുന്നു. പാലം നിർമ്മാണത്തിന്റെ ഭാഗമായുള്ള മണ്ണ് പരിശോധന നേരത്തെ നടത്തിയിരുന്നു. 2021 ജനുവരിയിലാണ് ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനമിറങ്ങിയത്.

കൊല്ലം ​- കടമ്പാട്ടുകോണം

ഏറ്റെടുക്കേണ്ട ഭൂമി: 57 ഹെക്ടർ

ഏറ്റെടുത്തത്: 54 ഹെക്ടർ

അവശേഷിക്കുന്നത്: 3 ഹെക്ടർ

ആകെ നഷ്ടപരിഹാരം: 2,300 കോടി

വിതരണം ചെയ്തത്: 1,900 കോടി

വ്യാപാരികൾക്ക് നഷ്ടപരിഹാരം

പെട്ടിക്കടകൾക്ക് 25,000 രൂപയും വലിയ കടകൾക്ക് 75,000 രൂപയുമാണ് നഷ്ടപരിഹാരം. അപേക്ഷകളുടെ പട്ടിക കരുനാഗപ്പള്ളി, കാവനാട്, വടക്കേവിള, ചാത്തന്നൂർ സ്‌പെഷ്യൽ തഹസിൽദാർ ഓഫീസുകളിൽ പ്രസിദ്ധീകരിച്ചു. 1780 അപേക്ഷകളിലാണ് നഷ്ടപരിഹാരം നൽകേണ്ടത്. രണ്ടാഴ്ച കൊണ്ട് നഷ്ടപരിഹാരത്തുക വിതരണം പൂർണമാകും.

നഷ്ടപരിഹാരം ലഭിച്ചവരും അപേക്ഷ നൽകിയവരുമായ വ്യാപാരികൾ സ്ഥാപനങ്ങൾ ഒഴിഞ്ഞുപോകണം.

ദേശീയപാത വികസന അതോറിട്ടി അധികൃതർ

Advertisement
Advertisement