ദേശീയപാത ആറുവരിക്ക് അള്ളുവച്ച് ഉദ്യോഗസ്ഥർ

Friday 22 April 2022 2:34 AM IST

കൊല്ലം: ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള വിവിധ സംവിധാനങ്ങൾ സജ്ജമാക്കാനുള്ള അനുമതികൾ വൈകിപ്പിച്ച് ഉദ്യോഗസ്ഥർ.

കോൺക്രീറ്റിംഗ് പ്ലാന്റ്, ക്രഷർ, പമ്പ് എന്നിവയുടേത് മലിനീകരണ നിയന്ത്രണ ബോർഡും മണ്ണെടുക്കലിനുള്ള അനുമതി മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ നിന്നുമാണ് ലഭിക്കാത്തത്.

ജില്ലയിൽ ഉൾപ്പെടുന്ന രണ്ട് റീച്ചിന്റെയും കരാറെടുത്തിരിക്കുന്ന കമ്പിനികൾ നാലുമാസം മുമ്പ് മലിനീകരണ നിയന്ത്രണ ബോർഡിനും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിനും വിവിധ അനുമതികൾക്കുള്ള അപേക്ഷ നൽകിയിരുന്നു. വിവിധ കേന്ദ്രങ്ങളിൽ കോൺക്രീറ്റ്, ടാർമിക്സിംഗ് പ്ലാന്റുകൾ സജ്ജമാക്കിയാണ് മറ്റ് സ്ഥലങ്ങളിലേക്ക് നിർമ്മാണത്തിനായി കൊണ്ടുപോകുന്നത്.

ക്വാറികളിൽ നിന്ന് എത്തിക്കുന്ന കൂടുതൽ വലിപ്പത്തിലുള്ള പാറ ആവശ്യമുള്ള വിവിധ വലിപ്പങ്ങളിലാക്കാൻ ക്രഷറുകളും കരാർ കമ്പിനികൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഇരു കമ്പിനികളുടെയും വാഹനങ്ങൾക്ക് ആവശ്യമായ ഇന്ധനവും സ്വന്തം പമ്പുകളിൽ നിന്നാണ് നിറയ്ക്കുന്നത്. ഇവ സ്ഥാപിക്കാനുള്ള അനുമതി മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ നിന്ന് ലഭിക്കാത്തതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള മുന്നൊരുക്കങ്ങൾ പ്രതിസന്ധിയിലാണ്. വീതികൂട്ടലിന്റെ ഭാഗമായി താഴ്ന്ന പ്രദേശങ്ങൾ ഉയർത്തുന്നതിന് വലിയ അളവിൽ മണ്ണും ആവശ്യമുണ്ട്. മണ്ണ് ലഭ്യമാകുന്ന സ്ഥലങ്ങളും ഓരോയിടത്ത് നിന്നും എടുക്കുന്ന മണ്ണിന്റെ അളവും സഹിതമാണ് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന് അപേക്ഷ നൽകിയത്.

അനുമതി വൈകിപ്പിച്ച് ഇഴയിക്കൽ

1. കോൺക്രീറ്റിംഗ് പ്ലാന്റ്, ക്രഷർ, പമ്പ്, മണ്ണെടുക്കൽ എന്നിവയുടെ പ്രാരംഭ പ്രവർത്തനങ്ങളാണ് ഇഴയുന്നത്

2. അനുമതി ലഭിച്ചെങ്കിൽ മാത്രമേ അടിസ്ഥാന സജ്ജീകരണങ്ങൾ ഒരുക്കാനാകൂ

3. കരാറുകാർ അപേക്ഷ നൽകിയെങ്കിലും നടപടി സ്വീകരിക്കുന്നില്ല

4. മൗനം വെടിയാതെ ജില്ലാ ഭരണകൂടവും

ജില്ലയിൽ ആദ്യ റീച്ച്: കൊറ്റംകുളങ്ങര - കാവനാട്

കരാർ: വിശ്വസമുദ്ര എൻജിനിയറിംഗ് പ്രൈവറ്റ് ലിമിറ്റഡ്, തെലുങ്കാന

തുക ₹ 1,580 കോടി

രണ്ടാം റീച്ച്: കാവനാട് - കടമ്പാട്ടുകോണം

നീളം: 31.25 കിലോമീറ്റർ

കരാർ: ശിവാലയ കൺസ്ട്രക്ഷൻസ് കമ്പനി, ന്യൂഡൽഹി

തുക ₹ 1,386 കോടി

വേണ്ടത് 30 ലക്ഷം ടൺ പാറ

ദേശീയപാത വികസനത്തിന് ജില്ലയിൽ മാത്രം ഏകദേശം 30 ലക്ഷം ടൺ പാറ ആവശ്യമുണ്ട്. ജില്ലയിലെ ക്വാറികളിൽ നിന്ന് ഇത്രയധികം പാറ ഉറപ്പാക്കാനായിട്ടില്ല. ഒരു ടൺ പാറയ്ക്ക് നിലവിൽ 1300 രൂപയാണ് വിപണിവില. കേരളത്തിൽ നിന്ന് സംഭരിക്കാൻ കഴിയുമെന്ന് ഉറപ്പില്ലാത്തതിനാൽ തമിഴ്നാട്ടിൽ നിന്ന് എത്തിക്കാനുള്ള ശ്രമവും നടക്കുന്നു.

അനുമതി വൈകുന്ന കാര്യം ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ കാര്യമായ ഇടപെടൽ ഉണ്ടായിട്ടില്ല.

ദേശീയപാത അതോറിറ്റി അധികൃതർ

Advertisement
Advertisement