മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പി​ന്റെ​ ​അ​പേ​ക്ഷ​കൾ ഉ​ട​ൻ​ ​തീ​ർ​പ്പാ​ക്കും​:​ ​ആ​ന്റ​ണി​ ​രാ​ജു

Saturday 23 April 2022 12:40 AM IST

കൊച്ചി: മോട്ടോർ വാഹന വകുപ്പിന് ലഭിക്കുന്ന അപേക്ഷകൾ തീർപ്പാക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോയി ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇതിനായി ഉദ്യോഗസ്ഥർക്കു കർശന നിർദ്ദേശം നൽകി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും.

എറണാകുളം, മൂവാറ്റുപുഴ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകൾക്കു കീഴിൽ വരുന്ന തൃപ്പൂണിത്തുറ, ആലുവ, നോർത്ത് പറവൂർ, മട്ടാഞ്ചേരി, അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം എന്നീ ഓഫീസുകൾ സംയുക്തമായി എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്ത് 'വാഹനീയം 2022' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈനംദിന ജീവിതവുമായി ഏറെ ബന്ധമുള്ള വകുപ്പാണ് മോട്ടോർ വാഹന വകുപ്പ്. അതിനാൽത്തന്നെ ജനങ്ങളുടെ പരാതികൾ എത്രയും വേഗം പരിഹരിച്ചു നൽകും. ഇതിനായി ഓൺലൈൻ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തും. ഇലക്ട്രിക് വാഹനങ്ങൾക്കു പ്രസക്തിയേറിയ സാഹചര്യത്തിൽ 5 കോടി രൂപ ചെലവിൽ ഈ സാമ്പത്തിക വർഷം സംസ്ഥാനത്തെ പൊതു ഇടങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഇ ഓട്ടോ സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനായി മുപ്പതിനായിരം രൂപ വീതം സബ്‌സിഡി നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

നേത്ര പരിശോധനാ ഫലം ഡോക്ടർക്കുതന്നെ പരിവാഹൻ വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. വിദേശ രാജ്യങ്ങളിലുള്ളവർക്ക് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനായി ഇത് ഏറെ പ്രയോജനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ വഴി സുതാര്യവും കാര്യക്ഷമവുമായ നടപടികൾ സ്വീകരിക്കാനാകും. ഇതിനായി ജനങ്ങളുടെ പൂർണ സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ കെ.ജെ. മാക്‌സി, റോജി എം. ജോൺ, എൽദോസ് പി. കുന്നപ്പള്ളി, അൻവർ സാദത്ത്, പി.വി. ശ്രീനിജിൻ, എറണാകുളം ജോയിന്റ് ആർ.ടി.ഒ കെ.കെ. രാജീവ്, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കർ, ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ ഷാജി മാധവൻ തുടങ്ങിയവർ സംസാരിച്ചു. അദാലത്തിൽ ഗതാഗത മന്ത്രി പരാതികൾ നേരിട്ടു കേൾക്കുകയും പരിഹാരം നിർദ്ദേശിക്കുകയും ചെയ്തു. നികുതി സംബന്ധമായ വിഷയങ്ങൾ, ദീർഘകാലമായി തീർപ്പാക്കാത്ത ഫയലുകൾ, ചെക്ക് റിപ്പോർട്ടുകൾ മുതലായ വിഷയങ്ങളും അദാലത്തിൽ പരിഗണിച്ചു. ഉടമ കൈപ്പറ്റാത്ത ആർ.സി ബുക്ക്, ലൈസൻസ് എന്നിവ ആവശ്യമായ മാറ്റങ്ങൾ വരുത്തി നൽകി. അപേക്ഷകർക്ക് ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി അക്ഷയ സെന്ററുകളുടെ യൂണിറ്റുകളും അദാലത്ത് വേദിയിൽ സജ്ജമാക്കിയിരുന്നു.

Advertisement
Advertisement