പാൽക്കവറിലും പണിയാം അലമാര

Saturday 23 April 2022 12:07 AM IST

പത്തനംതിട്ട: വീട്ടുകാരും നാട്ടുകാരും ചേർന്ന് രണ്ടായിരത്തി ഒരുന്നൂറ് ലിറ്റർ പാൽ ഉപയോഗിച്ചു കഴിഞ്ഞപ്പോൾ, ലീലാമ്മ മാത്യുവിന്റെ അടൂർ വെള്ളക്കുളങ്ങര വാഴുവേലിൽ പുത്തൻവീട്ടിൽ ഇടം പിടിച്ചത് അവയുടെ കവറുകൾ കൊണ്ട് മെനഞ്ഞെടുത്ത ഒരാൾ പൊക്കമുള്ള നല്ലൊരു അലമാര. അലക്കിയ വസ്ത്രങ്ങൾ അടക്കം സൂക്ഷിക്കാൻ കിടപ്പുമുറിയിൽ വയ്ക്കാനായിരുന്നു തീരുമാനമെങ്കിലും ഇപ്പോൾ സ്വീകരണമുറിയിലെ വി.ഐ.പിയാണ്. പാൽക്കവറിലെ അലമാര കാണാൻ നിത്യവും ആൾക്കാർ എത്തുകയാണ്. നേരിട്ട് കണ്ട് ബോദ്ധ്യപ്പെടാനാണ് എല്ലാവരും എത്തുന്നത്.

പേഴ്സും ചെറിയ ബാഗും നിർമ്മിച്ചു കാെണ്ടായിരുന്നു അറുപത്തിയേഴുകാരിയായ വീട്ടമ്മ തുടക്കമിട്ടത്.

പുറത്തുപോകുമ്പോഴൊക്കെ അതാണ് ഉപയോഗിക്കുന്നത്. അയൽക്കാരും നാട്ടുകാരും അതുകണ്ട് എവിടെന്ന് വാങ്ങിയെന്ന് തിരക്കിയപ്പോഴാണ് രഹസ്യം വെളിപ്പെടുത്തിയത്. എന്നാൽ,വീട്ടിലെ പാൽക്കവറുകൾ തരാമെന്നായി നാട്ടുകാർ. ആവശ്യമുളളവർക്ക് നിർമ്മിച്ചുകൊടുക്കും. കൂടുതൽ കവറുകൾ കിട്ടിയതോടെ പേഴ്സും വാനിറ്റി ബാഗും കടന്ന് അലമാരയിലേക്ക് എത്തുകയായിരുന്നു. ഫ്രെയിം ഇരുമ്പുകൊണ്ടു നിർമ്മിച്ചു.

പാഴ്വസ്തുക്കൾ പലതും വിശിഷ്ടവസ്തുക്കളായി ലീലാമ്മ മാത്യു മാറ്റിയെടുക്കും. വീട്ടിലെ അതിഥികൾക്കുള്ള ഇരിപ്പിടങ്ങൾ കാറിന്റെ പഴയ ടയറുകൾ അടുക്കിക്കെട്ടി വർണത്തുണികളും സ്പോഞ്ചും ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് ആരും തിരിച്ചറിയില്ല. സ്ഫോഞ്ചുകൊണ്ട് കരടിക്കുട്ടികളുടെ പാവകളും നിർമ്മിക്കും.

ആലപ്പുഴ കരുവാറ്റയിലെ കുടുംബവീട്ടിൽ താമസിച്ചിരുന്ന കുട്ടിക്കാലത്ത് തയ്യൽ പഠിക്കുമ്പോഴായിരുന്നു കരകൗശലവിദ്യയിൽ താത്പര്യം തോന്നിത്തുടങ്ങിയത്. ഭർത്താവ് മാത്യുവും വിവാഹിതയായ മകൾ മിനുവും വിദേശത്തുള്ള മകൻ ബിനോയിയും അമ്മയുടെ വഴി മുടക്കിയില്ല.


...................................................

തലമുടി പിന്നുംപോലെ

പാൽക്കവറുകൾ നീളത്തിലാക്കി തലമുടി പിന്നിയിടുംപോലെ പരസ്പരം ബന്ധിപ്പിച്ചാണ് അലമാരയും ബാഗും പഴ്സും നിർമ്മിക്കുന്നത്.കൂട്ടിക്കെട്ടാൻ മറ്റൊന്നും ഉപയോഗിക്കില്ല. അലമാരയുടെ ചട്ടക്കൂടിന് മാത്രം ഇരുമ്പ് ഉപയോഗിച്ചു.

4150:

അലമാരയ്ക്ക്

ഉപയോഗിച്ച

കവറുകൾ

8 മാസം:

അലമാര

പൂർത്തിയാക്കിയത്

.........................................................

'' പാൽ കവറുകൾ കഴുകി ഉണക്കി ഉപയോഗിച്ചതിനാൽ അലമാരയിൽ സൂക്ഷിക്കുന്ന സാധനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകില്ല.

ലീലാമ്മ മാത്യു

Advertisement
Advertisement