കാമറ കണ്ടിട്ടും ജി.പി.എസ് നോക്കിയിട്ടും റേഷനരി പുഷ്പംപോലെ കരിഞ്ചന്തയിലേക്ക്

Saturday 23 April 2022 12:48 AM IST

തിരുവനന്തപുരം: ഗോഡൗണുകളിൽ കാമറകൾ സ്ഥാപിച്ചും ധാന്യവുമായുമായി പോകുന്ന ലോറികളിൽ ജി.പി.എസ് ഏർപ്പെടുത്തിയും പഴുതുകൾ അടയ്ക്കാനുള്ള

സിവിൽ സപ്ലൈസ് വകുപ്പിന്റെ പദ്ധതിയെ തകിടംമറിച്ചുകൊണ്ട് റേഷൻ കടകളിൽ നിന്നു ഇടനിലക്കാർ ചാക്ക് കണക്കിന് അരി 'പുഷ്പം'പോലെ കടത്തിക്കൊണ്ടു പോകുന്നു

തിരുവനന്തപുരം താലൂക്കിലെ റേഷൻ കടകളിൽ നിന്നു അരികടത്തുന്നതായി 'കേരളകൗമുദി' നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.പാച്ചല്ലൂരിലെ റേഷൻ കടയിൽ നിന്നു പട്ടാപ്പകൽ അരി കടത്തുന്ന ദൃശ്യങ്ങളും ലഭിച്ചു. മറ്റ് ജില്ലകളിലും റേഷനരി കടത്തുന്നതായി സൂചനയുണ്ട്.

എൻ.എഫ്.എസ്.എ ഗോഡൗണിൽ നിന്ന്

ജി.പി.എസ് ഘടിപ്പിച്ച ലോറിയിൽ കയറ്റുന്ന അരി റേഷൻ കടകളിലെത്താതെ കരിഞ്ചന്തയിൽ എത്തിയാൽ പിടിവീഴും. അതിനാൽ ലോറി കൃത്യമായി കടയിലെത്തി സാധനങ്ങളിറക്കും. കൂട്ടത്തിൽ കണക്കിൽപ്പെടാതെ ഗോഡൗണിൽ കയറ്റിവട്ട സാധനങ്ങളും ഇറക്കും. അധികമായി എത്തിച്ച സാധനങ്ങളും റേഷൻ കടക്കാരൻ കാർഡ് ഉടമകൾക്ക് നൽകാതെ വകമാറ്റിയവയും മറ്റൊരു വാഹനത്തിൽ സ്വകാര്യ വ്യക്തികളുടെ ഗോഡൗണുകളിലേക്ക് കടത്തുന്നതാണ് ഇപ്പോഴത്തെ തന്ത്രം.

കരിഞ്ചന്തക്കാർക്കും തട്ടിപ്പുകാർക്കും ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥർ ചില ഓഫീസുകളിലുണ്ട്. ഇവർക്ക് റേഷൻകടക്കാ‌ർ കൃത്യമായി കമ്മിഷൻ നൽകും.

പുതിയ ചാക്കിലാക്കി

പൊലീസിനെ പറ്റിക്കും

സ്വകാര്യ ഗോഡൗണിൽ റേഷൻ അരി എത്തിയാലുടൻ പുതിയ ചാക്കിലാക്കും. പൊലീസ് പിടിച്ചാൽ,ചാക്ക് വേറെയാണെന്ന് പറഞ്ഞാണ് രക്ഷപ്പെടുന്നത്. ഭക്ഷ്യവകുപ്പിലെ ചില ജീവനക്കാർ ഒത്താശ ചെയ്യുന്നതായും പരാതിയുണ്ട്.

ഒരു ലോഡിൽ

18ചാക്ക് കടത്തും


ഗോഡൗണുകളിൽ എത്തുന്ന ഒരു ലോഡിൽ 206 ചാക്ക് ധാന്യമുണ്ടാകും. ഇതിൽ ആറെണ്ണം ആകെയുള്ള തൂക്കത്തിന് പകരമുള്ളതാണ്. 50കിലോ വീതമുള്ള ഈ ആറു ചാക്കും ഗോഡൗണിൽ നിന്ന് മാറ്രും. ഇങ്ങനെ 300 കിലോ അരി കടത്തും. കൂടാതെ ഒാരോ ചാക്കും ഹുക്കുപയോഗിച്ച് കുത്തിപ്പിടിച്ച് എടുക്കുമ്പോൾ മൂന്നു മുതൽ അഞ്ച് കിലോഗ്രാം വരെ അരി ചോർത്തും. മൂന്നു കിലോഗ്രാം വീതം ചോർത്തുമ്പോൾ തന്നെ 200 ചാക്കിൽ നിന്ന് 600 കിലോഗ്രാം അരി ലഭിക്കും. അങ്ങനെ ഒരു ലോഡിൽ നിന്ന് മാത്രം വകമാറ്റുന്നത് 900 കിലോഗ്രാം അരി (18ചാക്ക്).

Advertisement
Advertisement