റെയിൽവേ ട്രാക്കിലെ സെൽഫിക്ക് ഇന്നു മുതൽ പിഴ 2000 രൂപ

Saturday 23 April 2022 12:58 AM IST

തിരുവനന്തപുരം: റെയിൽവേ ട്രാക്കിലെ സെൽഫിക്ക് ഇനി ചെലവേറും. ഇന്നുമുതൽ 2000രൂപ പിഴയീടാക്കാൻ ദക്ഷിണ റെയിൽവേ ഉത്തരവിറക്കി. കൊവിഡിന് ശേഷം ട്രെയിൻ യാത്ര പുനഃസ്ഥാപിച്ചപ്പോൾ എൻജിന് മുന്നിൽ നിന്നും ട്രെയിനിന്റെ പശ്ചാത്തലത്തിൽ റെയിൽവേ ട്രാക്കിൽ നിന്നും സെൽഫിയെടുത്ത് അപകടത്തിൽ പെടുന്നവരുടെ എണ്ണം കൂടിയിരുന്നു. ഇതോടെ റെയിൽവേ സംരക്ഷണ നടപടികൾ പ്രകാരം ഏറ്റവും കൂടുതൽ തുക പിഴ ഈടാക്കാൻ ദക്ഷിണറെയിൽവേ തീരുമാനിക്കുകയായിരുന്നു. ഫോണിൽ സെൽഫിയെടുത്താൽ മാത്രമല്ല, അത് സമൂഹമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്‌തെന്ന് കണ്ടെത്തിയാലും ഈ പിഴ നൽകേണ്ടി വരും.

കഴിഞ്ഞയാഴ്‌ച തമിഴ്നാട്ടിലെ ചെങ്കൽപ്പെട്ടിനു സമീപം പാളത്തിൽ നിന്ന് സെൽഫിയെടുക്കുമ്പോൾ തീവണ്ടി തട്ടി മൂന്ന്‌ കോളജ് വിദ്യാർത്ഥികൾ മരിച്ചിരുന്നു. ഇൗ സംഭവം വലിയ വിമർശനങ്ങളും ആക്ഷേപങ്ങളും ഉയർത്തിയ സാഹചര്യത്തിലാണ് തീരുമാനം. ഇതിന് പുറമെ വാതിൽപ്പടിയിൽ യാത്ര ചെയ്‌താൽ മൂന്ന് മാസം തടവോ, 500 രൂപ പിഴയോ ഈടാക്കും. കഴിഞ്ഞ ഒരു വർഷത്തിനിടെ വാതിൽപ്പടിയിൽ നിന്ന് യാത്രചെയ്‌ത 767പേർക്കെതിരെ റെയിൽവേ പൊലീസ്‌ കേസെടുത്തിരുന്നു. പാളം മുറിച്ചുകടന്ന 1411പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. ഒരുവർഷത്തിനിടെ സബർബൻ തീവണ്ടിയിൽ നിന്ന് വീണ് മരിച്ച 1500ലധികം പേരും വാതിൽപ്പടി യാത്രക്കാരായിരുന്നു. ഈ പശ്ചാത്തലത്തിൽ ട്രെയിനുകളിലെ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ കർശനമാക്കാനും റെയിൽവേ നിർദ്ദേശിച്ചു.

Advertisement
Advertisement