തരിശുനിലങ്ങളിൽ ജൈസൽ മാജിക്,​ 150 ഏക്കർ കൃഷിയിൽ വിളവേറെ

Saturday 23 April 2022 2:36 AM IST
ജൈസൽ

പരപ്പനങ്ങാടി: പതിനായിരങ്ങൾക്ക് കഴിക്കാനുള്ള ചോറും പത്തിരിയും പുട്ടും ഉണ്ടാക്കാനുള്ള അരി സ്വന്തം കൃഷിയിടത്തിൽ നിന്നും ലഭിക്കുമെന്ന വിശ്വാസത്തിലാണ് പരപ്പനങ്ങാടി ഉള്ളണം സ്വദേശി ജൈസൽ. തന്റേതായ രീതിയിൽ 150 ഏക്കറോളമുള്ള കൃഷിസ്ഥലത്ത് നേട്ടം കൊയ്യുകയാണ് ഈ യുവകർഷകൻ. സ്വന്തമായി ആറേക്കർ കൃഷിയിടവും ബാക്കി പാട്ടത്തിന് എടുത്തുമാണ് ജൈസലിന്റെ കൃഷി.,

പരപ്പനങ്ങാടി ഉള്ളണത്തെ വടക്കേ ചോലകത്തു അബ്ദുറഹ്മാൻ ഹാജിയുടെയും കുഞ്ഞിപ്പാത്തുമ്മയുടെയും മകനായ ജൈസൽ ചെറുപ്പം മുതലേ ഉപ്പയുടെ കൂടെ കൃഷിയിടത്തിൽ സജീവമായിരുന്നു. അങ്ങനെ കൃഷിരീതികൾ പഠിച്ചെടുത്തു. കഴിഞ്ഞ 10 വർഷമായി പാട്ടത്തിന് ഭൂമിയെടുത്ത് വ്യാപകമായി കൃഷിചെയ്യുകയാണീ കർഷകൻ.

പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ സ്വന്തം കൃഷിയിടത്തിനു പുറമെ മൂന്നിയൂർ, എ.ആർ നഗർ എന്നീ പഞ്ചായത്തുകളിലാണ് പാട്ടത്തിന് സ്ഥലമെടുത്തിരിക്കുന്നത്. നെൽകൃഷിക്ക് പുറമെ നേന്ത്രവാഴ, റോബെസ്റ്റ് എന്നിവയും കൃഷി ചെയ്യുന്നു. ആട്, പശു എന്നിവയുടെ ഫാമും നടത്തുന്നുണ്ട്. കൃഷിക്ക് ആവശ്യമായ ചാണകം ഫാമുകളിൽ നിന്നും ലഭിക്കും. ശരാശരി നൂറ്റി അമ്പതോളം ലിറ്റർ പാൽ ദിവസവും സൊസൈറ്റിക്കും മറ്റു വീടുകളിലുമായി വിതരണം ചെയ്യുന്നുണ്ട് ഈ 36 കാരൻ.

ഭാര്യ ഹഫീലയും മക്കളായ മിൽഹ ഫാത്തിമയും ജാസിൻ ഖാനും പിന്തുണയുമായി ജൈസലിനൊപ്പമുണ്ട്.

തരിശുനിലവും സോളാർ പാനലുകളും

പരപ്പനങ്ങാടി മുൻസിപ്പാലിറ്റി പരിധിയിൽ ഉള്ളണത്തു മാത്രം 75 ഏക്കർ സ്ഥലത്താണ് നെൽകൃഷി ചെയ്യുന്നത്. മറ്റു പഞ്ചായത്തുകളിൽ കൃഷി ചെയ്യുന്നതിന്റെ മുക്കാൽ ഭാഗവും തരിശായി കിടന്ന് പുൽക്കാടുകൾ നിറഞ്ഞ സ്ഥലങ്ങളായിരുന്നു. വൈദ്യുതി കിട്ടാത്ത 15ഓളം ഭാഗത്ത് സോളാർ പാനലുകൾ സ്ഥാപിച്ചും വെള്ള ക്ഷാമം ഉള്ളിടങ്ങളിൽ സ്പ്രിംഗ്ലർ സ്ഥാപിച്ചും സ്വന്തം ചെലവിൽ തടയണകൾ സ്ഥാപിച്ചുമാണ് വെള്ളമെത്തിക്കുന്നത്.

ജൈസൽ എന്ന കർഷകൻ

150ഏക്കറിൽ നെല്ലും 14,​000 നേന്ത്ര വാഴയും 1000 റോബസ്റ്റ് വാഴയും 1500 ഓളം മറ്റു വാഴയിനങ്ങളും കൃഷി ചെയ്യുന്നുണ്ട് ജൈസൽ. പതിനഞ്ചോളം പശുക്കളും 50 ആടും കുറച്ചു കോഴികളും ഫാമിലുമുണ്ട്. കൂടാതെ വീട്ടാവശ്യത്തിന് വേണ്ട പച്ചക്കറികളും പശുവിനും ആടിനും വേണ്ട പുല്ലും കൃഷി ചെയ്യുന്നു. ഒപ്പം 200 തെങ്ങും 500ഓളം കവുങ്ങും പരിപാലിക്കുന്നുണ്ട് ഈ യുവ കർഷകൻ.

സമീപ പ്രദേശങ്ങളിൽ തരിശായി കിടക്കുന്ന വയലുകളുണ്ടെങ്കിൽ അവിടെയെല്ലാം കൃഷി ചെയ്യാൻ തയ്യാറാണ്. കൃഷി ഭവനിൽ നിന്നും എല്ലാ പിന്തുണയും സഹായസഹകരണങ്ങളും ലഭിക്കുന്നുണ്ട്. കൃഷി ഒരു സംസ്‌കാരമാണ്. കൃഷികൊണ്ട് തുടർന്നും മുന്നോട്ട് പോകാനാണ് തീരുമാനം.

- ജൈസൽ

Advertisement
Advertisement