കിടിലൻ ലുക്കിൽ ഡുകാറ്റി മോൺസ്‌റ്റർ 821

Friday 24 August 2018 12:18 AM IST

പെർഫോമൻസ് ബൈക്കുകളെ പ്രണയിക്കുന്നവർക്കായി ഡുകാറ്റി പരിചയപ്പെടുത്തിയ താരമാണ് മോൺസ്‌റ്റർ. ഈ ബൈക്ക് റൈഡിംഗ് ശൈലിയിലേക്ക് ആദ്യമായി വിരുന്നെത്തുന്നവർക്ക് അനുയോജ്യമാണ് ഡുകാറ്റി മോൺസ്‌റ്റർ 797 എന്ന എൻട്രി ലെവൽ. എന്നാൽ, ഈ രംഗത്തെ സുപരിചിതരെ ഹരം കൊള്ളിക്കുകയെന്ന ലക്ഷ്യവുമായി കടന്നുവന്ന താരമാണ് പുതിയ മോൺസ്‌റ്റർ 821.

 

 

മോൺസ്‌റ്റർ 821ന്റെ കരുത്തും സൗന്ദര്യവും ചുറുചുറുക്കും ആരെയും വശീകരിക്കും. ഈ ശ്രേണിയിലെ എതിരാളികളായ കവാസാക്കി ഇസെഡ് 900, സുസുക്കി ജി.എസ്.എക്‌സ് - എസ് 750 എന്നിവയേക്കാൾ വില കൂടുതലാണെങ്കിലും മൂല്യത്തിന് അനുസരിച്ചുള്ള നേട്ടം ഉപഭോക്താവിന് മോൺസ്‌റ്രർ 821 നൽകും. 9.51 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. പൊതുനിരത്തിലെ മോൺസ്‌റ്റർ 821റൈഡിംഗ് ഏവരുടെയും ശ്രദ്ധ ആകർഷിക്കുമെന്നതിൽ സംശയമേ വേണ്ട. അത്യാകർഷകമായ ചുവപ്പ്, കറുപ്പ്, മഞ്ഞ നിറഭേദങ്ങളാണുള്ളത്.

 

 1993ൽ പുറത്തിറങ്ങിയ മോൺസ്‌റ്റർ ഒന്നാമന്റെയും വലിയ വേർഷനായ മോൺസ്‌റ്റർ 1200ന്റെയും രൂപകല്‌പനയിൽ നിന്ന് ഒട്ടേറെ ഘടകങ്ങൾ മോൺസ്‌റ്റർ 821 കടംകൊണ്ടിട്ടുണ്ട്. നേക്കഡ് സ്‌പോർട്‌സ് ബൈക്ക് ലുക്കാണ് മോൺസ്‌റ്റർ 821നുള്ളത്. വൃത്താകൃതിയിലെ എൽ.ഇ.ഡി ഹെഡ്‌ലാമ്പ് 1200ലേത് തന്നെ. ഫുൾ കളർ ടി.എഫ്.ടി കൺസോൾ സ്‌മാർട്‌ഫോണുമായി ബന്ധിപ്പിക്കാം. ബോഡി കളർ നൽകി ഒതുക്കത്തോടെ തയ്യാറാക്കിയ പിൻഭാഗം ബൈക്കിന് ക്ലാസിക് ടച്ചും നൽകുന്നു.

 

ആർഭാടങ്ങളിലല്ലാതെ കൊത്തിയെടുത്ത ഇന്ധനടാങ്ക്, മുകളിലേക്ക് ഉയർന്ന് നിൽക്കുന്ന സീറ്റും ഡബിൾ ബാരൽ എക്‌സ്‌ഹോസ്‌റ്റും, ഡിസ്‌ക് ബ്രേക്കുകളോടെയുള്ള വീതിയേറിയ ടയറുകൾ എന്നിവ പൗരുഷഭാവവും സമ്മാനിക്കുന്നു. ഇൻസ്‌ട്രുമെന്റ് പാനലിൽ സ്‌പീഡ്, ആർ.പി.എം., റൈഡിംഗ് മോഡ്, എ.ബി.എസ് ലെവൽ, ട്രാക്‌ഷൻ കൺട്രോൾ, ഫ്യുവൽഗേജ് തുടങ്ങിയവ ഡിസ്‌പ്ളേ ചെയ്യുന്നു.

 

ഭാരത് സ്‌റ്റേറ്റ് (ബി.എസ്) - 4 ചട്ടങ്ങളോട് പൊരുത്തപ്പെടുന്ന 821 സി.സി, ടെസ്‌റ്റസ്‌ട്രെറ്റ എൽ-ട്വിൻ എൻജിനാണുള്ളത്. 9,250 ആർ.പി.എമ്മിൽ 107 ബി.എച്ച്.പിയാണ് കരുത്ത്. പരമാവധി ടോർക്ക് 7,750 ആർ.പി.എമ്മിൽ 86 ന്യൂട്ടൺ മീറ്ററാണ് പരമാവധി ടോർക്ക്. ഗിയറുകൾ ആറ്. അർബൻ, ടൂറിംഗ്, സ്‌പോർട് എന്നീ റെഡിംഗ് മോഡുകൾ മോൺസ്‌റ്റർ 821നുണ്ട്. ഓരോ ഡ്രൈവിംഗ് മോഡിലും എ.ബി.എസ്., ട്രാക്‌ഷൻ കൺട്രോൾ സംവിധാനങ്ങൾ വ്യത്യസ്‌തമാണ്. ഇത് നിരത്തിന് അനുയോജ്യമായ റൈഡിംഗ് സുഖം നൽകും.

 

മുന്നിൽ 43 എം.എം അപ്‌സൈഡ് ടൗൺ ഫോർക്ക്, പിന്നിൽ മോണോഷോക്ക് സസ്‌പെഷൻഷനുകൾ ഇടംപിടിച്ചിരിക്കുന്നു. മുൻ ടയറിൽ രണ്ടും പിന്നിൽ ഒന്നും ഡിസ്‌ക് ബ്രേക്കുകളാണുള്ളത്. ലിറ്ററിന് 18.51 കിലോമീറ്റർ മൈലേജാണ് വാഗ്‌ദാനം.