ശരീര സൗന്ദര്യത്തിന്റെ പെൺകരുത്തിൽ രാജ്യത്തിന് അഭിമാനമായി കൃഷ്ണേന്ദു

Monday 25 April 2022 12:24 AM IST

ലോക ചാമ്പ്യൻഷിപ്പിൽ നേട്ടങ്ങൾ

ജൂനിയർ വിഭാഗത്തിൽ വെള്ളി

മിസ് ഇന്ത്യ ബിക്കിനി സ്വർണം

കൊച്ചി:ഇന്ത്യയിൽ പെൺകുട്ടികൾ അധികം കടന്നുവരാത്ത ശരീരസൗന്ദര്യ മത്സരത്തിന്റെ ( ബോഡിബിൽഡിംഗ് ) ലോകചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മലയാളി യുവതി കൃഷ്ണേന്ദു. മഹാരാഷ്ട്രയിൽ നടന്ന മത്സരത്തിൽ ജൂനിയർ വുമൺ ബോഡി ഫിറ്റ്‌നസ് വിഭാഗത്തിൽ ഒൻപത് രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളെ കൃഷ്‌ണേന്ദു പിന്നിലാക്കി. മിസ് ഇന്ത്യ ബിക്കിനി വിഭാഗത്തിൽ സ്വർണവും ഈ 21കാരിക്കാണ്.

ഒറ്റ വർഷത്തെ കഠിന പരിശീലനത്തിലൂടെ ശരീരത്തെ സുന്ദരമായി മെരുക്കിയാണ് കൃഷ്ണേന്ദു ഈ നേട്ടം കൈവരിച്ചത്.

 വിജയത്തിന് പിന്നിൽ കഠിന പ്രയത്നം

എറണാകുളം സെന്റ് ആൽബർട്സ് കോളേജിലെ ബി.വോക് ഫിറ്റ്നസ് മാനേജ്മെന്റ് ആൻഡ് പേഴ്സണൽ ട്രെയിനിംഗ് മൂന്നാം വർഷ വിദ്യാർത്ഥിയാണ് എം.കെ. കൃഷ്ണേന്ദു. ഒരു വർഷം മുൻപ് കോഴ്സിന്റെ ഭാഗമായാണ് ഇടപ്പള്ളി ലൈഫ് ജിമ്മിൽ എത്തിയത്. കോച്ചിന്റെ ചോദ്യം വഴിത്തിരിവായി - ബോഡി ബിൽഡിംഗ് ചെയ്തുകൂടേ? പിന്നീട് കഠിന പരിശീലനത്തിന്റെ നാളുകൾ. അക്കാലത്ത് പരിഹാസങ്ങൾ ഏറെ കേട്ടു. ഒന്നും മൈൻഡ് ചെയ്‌തില്ല.ജനുവരിയിൽ ജില്ലാ ചാമ്പ്യൻഷിപ്പിലും സംസ്ഥാന ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിലും വിജയവും ലോക ചാമ്പ്യൻഷിപ്പിനുള്ള സെലക്‌ഷനും നേടി. അതോടെ അഭിനന്ദനങ്ങൾ വരവായി.

 കേരളകൗമുദി വാർത്ത തുണച്ചു

കൂലിപ്പണിക്കാരനായ അച്ഛൻ എം.ആർ. കലാധരനും സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ അമ്മ ബിന്ദുവിനും ലഭിക്കുന്ന തുച്ഛവരുമാനം കൃഷ്ണേന്ദുവിന്റെയും ബിരുദവിദ്യാർത്ഥിയായ ചേച്ചി കൃഷ്‌ണവേണിയുടെയും പഠനത്തിനു പോലും തികയുമായിരുന്നില്ല. സംസ്ഥാന ചാമ്പ്യൻഷിപ്പിലെ വിജയത്തെക്കുറിച്ച് മാർച്ച്14ന് കേരളകൗമുദി റിപ്പോർട്ട് ചെയ്‌തതോടെയാണ് സ്‌പോൺസർമാരെത്തിയത്.

 ഇനി ലക്ഷ്യം ഒളിംപ്യ
ഒളിംപ്യ ബോഡി ബിൽഡിംഗ് പോരാട്ടത്തിൽ സ്വർണ മെഡലാണ് കൃഷ്‌ണേന്ദുവിന്റെ ലക്ഷ്യം. ഹോക്കിയിലും പഞ്ചഗുസ്തിയിയിലും കബഡിയിലും താരമാണ്. ജയറാം സജീവും പഞ്ചഗുസ്തി ലോകചാമ്പ്യനായ പി.വി. സജീഷുമാണ് പരിശീലകർ. ലൈഫ് ജിമ്മിലെ മുകുന്ദനും ഒപ്പമുണ്ട്.

ഇതേ ജിമ്മിലെ വിമൽ ലാലു (സ്വർണം, ജൂനിയർ മിസ്റ്റർ യൂണിവേഴ്സ്), ഫരീദ് ഹംസ (വെങ്കലം, ജൂനിയർ ഫിറ്റ്നസ് ഫിസിക്), ആൽബെർട്ട് വിൽസൺ (വെങ്കലം, ജൂനിയർ 80കിലോ വിഭാഗം) എന്നിവരും ചാമ്പ്യൻഷിപ്പിൽ തിളങ്ങി.

'കൃഷ്ണേന്ദുവിന്റെ നേട്ടത്തിൽ അഭിമാനമുണ്ട്. ഒളിംപ്യയിൽ സ്വർണത്തിലെത്തുമെന്നാണ് പ്രതീക്ഷ'
-ജയറാം സജീവ്,
പരിശീലകൻ

'സന്തോഷം പറഞ്ഞറിയിക്കാനാകില്ല. ഒളിംപ്യയിൽ സ്വർണം നേടാനാകുമെന്ന് ഉറപ്പാണ്.'
-കൃഷ്ണേന്ദു

Advertisement
Advertisement