സഭ്യമല്ലാത്ത പരാമർശം നടത്തിയെന്ന് ആരോപണം, എം.വി. ജയരാജനെതിരെ രേഷ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി

Monday 25 April 2022 12:47 AM IST

 സി.പി.എം അനുഭാവി കുടുംബമായിട്ടും ആ പരിഗണനയും കിട്ടിയില്ല

കണ്ണൂർ: തലശേരി പുന്നോലിലെ സി.പി.എം പ്രവർത്തകൻ ഹരിദാസൻ വധക്കേസിലെ പ്രതി ആർ.എസ്.എസ് നേതാവ് നിജിൽദാസിന് ഒളിവിൽ കഴിയാൻ വീട് നൽകിയതിന് തനിക്കെതിരെ സഭ്യമല്ലാത്ത പരാമർശം നടത്തിയെന്ന് ആരോപിച്ച് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജൻ എന്നിവർക്കെതിരെ രേഷ്മ ഇന്നലെ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. തനിക്കെതിരെയുള്ള സൈബർ ആക്രമണത്തിനെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെട്ടു. സി.പി.എം അനുഭാവി കുടുംബമായിട്ടും അത്തരമൊരു പരിഗണന പോലും തങ്ങൾക്ക് കിട്ടിയില്ലെന്നും പരാതിയിൽ പറയുന്നു. പ്രതി ഒളിവിലുള്ള വീട്ടിൽ പോയി രേഷ്മ ഭക്ഷണം വിളമ്പിയതിനെ നിഷ്കളങ്കമായി കാണാനാകില്ലെന്നായിരുന്നു എം.വി ജയരാജന്റെ ആരോപണം. സമാന രീതിയുള്ള പ്രസ്താവനയാണ് കാരായി രാജനും നടത്തിയതെന്നും പരാതിയിൽ പറയുന്നു. രേഷ്മയ്ക്കെതിരെയുള്ള അപവാദ പ്രചാരണം ഉടൻ അവസാനിപ്പിക്കണമെന്നും സൈബർ ആക്രമണം തുടർന്നാൽ കർശന നിയമ നടപടി സ്വീകരിക്കുമെന്നും രേഷ്മയുടെ അഭിഭാഷകൻ അറിയിച്ചു. കേസിൽ ശനിയാഴ്ച ജാമ്യത്തിൽ ഇറങ്ങിയ രേഷ്മ മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Advertisement
Advertisement