റേഷനരി കരിഞ്ചന്തയിൽ: 'അയ്യോ,പൊലീസ് വേണ്ട, ഞങ്ങൾ പിടിച്ചോളാമേ '!

Sunday 24 April 2022 10:55 PM IST

അരി കടത്തിൽ പൊലീസ് അന്വേഷണം വേണ്ടെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഗോഡൗണുകളിലും റേഷൻ കടകളിലും നിന്ന് അരി കടത്ത് വീണ്ടും

സജീവമായിട്ടും പൊലീസ് അന്വേഷണത്തിന് വിടാതെ സിവിൽ സപ്ലൈസ് വകുപ്പ്. പതിവ് പോലെ

വകുപ്പ് തല തട്ടിക്കൂട്ട് അന്വേഷണത്തിനാണ് അണിയറ നീക്കം.അന്വേഷണം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്ക് നീളുന്നത് തടയാനാണിത്. ഗോഡൗണിൽ നിന്നും റേഷൻ കടകളിലേക്ക് അരി എത്തിക്കുന്ന ലോറികളെ ജി.പി.എസ് നീരീക്ഷണത്തിലാക്കിയതിനു പിന്നാലെ, റേഷൻ കടകൾ കേന്ദ്രീകരിച്ച തട്ടിപ്പ് ശക്തമായത് 'കേരളകൗമുദി

പുറത്തു കൊണ്ടു വന്നിരുന്നു. അരി 'വേണ്ടപ്പെട്ടവരുടെ' റേഷൻ കടകളിൽ എത്തിച്ച ശേഷമാണ് അവിടെ നിന്ന് കരിഞ്ചന്തയിലേക്ക് കടത്തൽ. പട്ടാപ്പകൽ അരി കടത്തിയ പാച്ചല്ലൂരിലെ റേഷൻ കടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. റേഷൻ കടയിൽ വച്ച് ഭക്ഷ്യവകുപ്പിന്റെ മുദ്ര‌യില്ലാത്ത ചാക്കുകളിലാക്കി സ്വകാര്യ വാഹനങ്ങളിൽ കടത്തലാണ് പുതിയ രീതി.

പൊലീസ് പേടിക്ക് പിന്നിൽ

സർക്കാർ ഗോഡൗണുകളിൽ നിന്ന് കടത്തുന്ന ടൺ കണക്കിന് റേഷൻ അരി സ്വകാര്യ ഗോഡൗണുകളിൽ എത്തുന്നതിന് മുമ്പ് ചില ഇടനില കേന്ദ്രങ്ങളെത്തിക്കുന്നുണ്ടെന്ന് കഴിഞ്ഞ ആഗസ്റ്റിൽ നടന്ന അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു .വലിയതുറ ഗോഡൗണിലെ അരി കടത്തിനെ കുറിച്ച് പൊലീസ് അന്വേഷിച്ചെങ്കിലും ബന്ധപ്പെട്ട രേഖകൾ നൽകാൻ സിവിൽ സപ്ലൈസ് അധികൃതർ തയ്യാറായില്ല

തിരുവനന്തപുരം,​ ആലപ്പുഴ,​വയനാട് ജില്ലകളിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നടന്ന അരികടത്ത് പരാതികളെ കുറിച്ച് അന്വേഷിച്ച പൊലീസ് ,ഇത്തരം ഇടനില കേന്ദ്രങ്ങൾ കണ്ടെത്തിയിരുന്നു. ചില രാഷ്‌ട്രീയ നേതാക്കളുമായും സിവിൽ സപ്ളൈസിലെ ഉദ്യോഗസ്ഥരുമായും ഇവർക്കുള്ള അടുപ്പവും കണ്ടെത്തി.

ഓരോ കേസിലും,തത്കാലത്തേക്ക് ഡിപ്പോ ജീവനക്കാരനെ സസ്പെൻഡ് ചെയ്യുന്നതിനപ്പുറം പൊലീസ് അന്വേഷണത്തിന് അധികൃതർ ശുപാർശ ചെയ്യാറില്ല.

Advertisement
Advertisement