കേരള സർവകലാശാല : ചോദ്യ പേപ്പറിന് പകരം നൽകിയത് ഉത്തരസൂചിക

Monday 25 April 2022 12:00 AM IST

തിരുവനന്തപുരം: വിദ്യാർത്ഥിക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നൽകി കേരള സർവകലാശാല . എല്ലാ ഉത്തരവും ശരിയായി പകർത്തി എഴുതിയ വിദ്യാർത്ഥി ഉത്തരക്കടലാസ് ഇൻവിജിലേറ്റർക്ക് കൈമാറി.മൂല്യനിർണ്ണയ വേളയിൽ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ,.പരീക്ഷ റദ്ദാക്കി

കേരള സർവകലാശാല ഫെബ്രുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്.സി ഇലക്ട്രോണിക്സ് പരീക്ഷയ്ക്കാണ് ചോദ്യപേപ്പറിനു പകരം ഉത്തരസൂചിക നൽകിയത്. സംഭവം പുറത്തറിഞ്ഞതോടെ യൂണിവേഴ്‌സിറ്റി അന്വേഷണം പ്രഖ്യാപിച്ചു.കൊവിഡിൽ പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്ക് വേണ്ടി നടത്തിയ പ്രത്യേക പരീക്ഷ ഒരാൾ മാത്രമാണ് എഴുതിയത്.സിഗ്നൽസ് ആൻഡ് സിസ്റ്റംസ് എന്ന വിഷയത്തിലാണ് ചോദ്യക്കടലാസിന് പകരം ഉത്തരസൂചിക ലഭിച്ചത്.പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ സംഭവിച്ച ഗുരുതര വീഴ്ചയാണ് കാരണമെന്നറിയുന്നു. ചോദ്യപേപ്പർ തയാറാക്കുന്ന അദ്ധ്യാപകൻ ചോദ്യ പേപ്പറിനൊപ്പം ഉത്തരസൂചികയും സർവകലാശാലയ്ക്ക് അയച്ചുകൊടുക്കും. ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക പ്രിന്റ് ചെയ്ത് നൽകിയതാണ് തെറ്റുപറ്റാൻ കാരണമെന്നാണ് വിവരം.

Advertisement
Advertisement