പത്തനംതിട്ട ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഒാമല്ലൂർ ശങ്കരന് വാഹനാപകടത്തിൽ പരിക്ക്

Monday 25 April 2022 12:53 AM IST

പത്തനംതിട്ട : അമിത വേഗതയിലെത്തിയ പിക്കപ്പ് വാനിടിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒാമല്ലൂർ ശങ്കരന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആദ്യ സി.ടി സ്കാനിൽ തലയ്ക്കുള്ളിൽ നേരിയ പൊട്ടൽ കണ്ടെത്തിയിരുന്നു. വൈകിട്ട് നടന്ന രണ്ടാമത്തെ സി.ടി. സ്കാനിൽ നേരിയ ആന്തരിക രക്തസ്രാവം കണ്ടെത്തി. എങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. മെഡിക്കൽ കോളജ് ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഏഴ് വിദഗ്ദ്ധ ഡോക്ടർമാരാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്.

ഇന്നലെ രാവിലെ 11 മണിയോടെ പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലായിരുന്നു സംഭവം. ഡി.വൈ.എഫ്.എെ സംസ്ഥാന സമ്മേളനത്തിന്റെ സ്വഗതസംഘം എക്സിക്യുട്ടീവ് യോഗത്തിൽ പങ്കെടുത്തശേഷം വാഹനത്തിൽ കയറാൻ റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. സ്റ്റേഡിയം ഭാഗത്ത് നിന്ന് സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലേക്കെത്തിയ പിക്കപ്പ് വാൻ മറ്റൊരു വണ്ടിയെ ഒാവർടേക്ക് ചെയ്ത് ഇടതുവശത്തേക്ക് കയറിയപ്പോഴാണ് ഒാമല്ലൂർ ശങ്കരനെ ഇടിച്ചു വീഴ്ത്തിയത്. ഇടിയുടെ ആഘാതത്തിൽ ഉയർന്ന് താഴേക്ക് വീഴുകയായിരുന്നു അദ്ദേഹം. ഒാടിക്കൂടിയ പ്രവർത്തകർ അദ്ദേഹത്തെ തൊട്ടടുത്ത ജനറൽ ആശുപത്രിയിലെത്തിക്കുമ്പോൾ അബോധാവസ്ഥയിലായിരുന്നു. ആരോഗ്യമന്ത്രി വീണാജോർജും നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈനും മറ്റ് നേതാക്കളും ആശുപത്രിയിലെത്തി. മന്ത്രിയുടെ നിർദ്ദേശ പ്രകാരം വിദഗ്ദ്ധ ചികിത്സയ്ക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടമുണ്ടാക്കിയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഡ്രൈവർ കടന്നുകളഞ്ഞു.

Advertisement
Advertisement