ഒന്നാം സ്ഥാനം പങ്കിട്ട് മോഹിനിമാർ

Monday 25 April 2022 12:57 AM IST

കൊല്ലം: വാശിയേറിയ മോഹിനിയാട്ട മത്സരത്തിനൊടുവിൽ ഒന്നാം സ്ഥാനം രണ്ടുപേർ പങ്കിട്ടു. തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത കോളേജിലെ എം.എ രണ്ടാം വർഷ നൃത്തവിദ്യാർത്ഥിനിയായ സോനയും കൊല്ലം എസ്.എൻ ലീഗൽ സ്റ്റഡീസിലെ ഒന്നാം വർഷ ബി.എ എൽ‌.എൽ‌ബി വിദ്യാർത്ഥിനി പൂജാ സുരേഷുമാണ് ഒന്നാം സ്ഥാനം പങ്കിട്ടത്.

ശനിയാഴ്‌ച നടന്ന കഥകളിയിലും ഇന്നലെ നടന്ന ഫാൻസി ഡ്രസിലും സോനയ്‌ക്കാണ് ഒന്നാം സ്ഥാനം. ഒപ്പന, കേരള നടനം, നങ്ങ്യാർകൂത്ത്, നാടോടി നൃത്തം എന്നിവയിലും സോന മത്സരിക്കുന്നുണ്ട്. നൃത്താദ്ധ്യാപികയായ ഹരിപ്പാട് കുമാരപുരം മുണ്ടപ്പള്ളിൽ ഹൗസിൽ ലക്ഷ്മിയുടെ മകളാണ് സോന.

കൊല്ലത്തെ നൃത്തവിദ്യാലയത്തിലെ അദ്ധ്യാപിക കൂടിയായ പൂജ സുരേഷ് ചവറ ചെറുശേരി ഭാഗം ഷീല മന്ദിരത്തിൽ കെ. രാജേഷിന്റെയും ഡി. അനീഷ്യയുടെയും മകളാണ്.

മോഹിനിയാട്ടത്തിൽ ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലെ കെ.എസ്. സേതുലക്ഷ്മിക്ക് രണ്ടാം സ്ഥാനവും തിരുവനന്തപുരം നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിലെ ആർ. അഭിരാമി മൂന്നാം സ്ഥാനവും നേടി. 40 പേരാണ് മത്സരിച്ചത്.

Advertisement
Advertisement