പത്താമുദയം

Monday 25 April 2022 2:42 AM IST

ജർമ്മൻ ബുണ്ടസ് ലിഗ കീരടം തുടർച്ചയായ പത്താം തവണയും ബയേൺ മ്യൂണിക്ക് ഉറപ്പിച്ചപ്പോൾ ഫ്രാൻസിൽ പി.എസ്.ജി തങ്ങളുടെ പത്താം ലീഗ് വൺ കിരീടവും സ്വന്തമാക്കി. ചാമ്പ്യൻസ് ലീഗിൽ ഈ സീസണിൽ പി.എസ്.ജി പ്രീക്വാർട്ടറിലും ബയേൺ ക്വാർട്ടറിലും പുറത്തായെങ്കിലും ഇരുടീമും പക്ഷേ അവരുടെ ദേശീയ ലീഗിലെ മേധാവിത്വം ഇത്തവണയും കൈവിട്ടില്ല.

ബയേണിന്റെ സ്വന്തം ബുണ്ടസ് ലിഗ

മ്യൂണിക്ക്: ബെ​ർ​ലി​ൻ​:​ ​ശനിയാഴ്ച രാത്രി ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയതോടെയാണ് തുടർച്ചയായ പത്താം തവണയും ബയേൺ ജർമ്മൻ ബുണ്ടസ് ലിഗ കിരീടം ഉറപ്പിച്ചത്. ലീഗിൽ മൂന്ന് മത്സരങ്ങൾകൂടി ശേഷിക്കെയാണ് ബയേൺ കിരീടാവകാശികളായത്. ബേയണിന്റെ തട്ടകമായ അലിയൻസ് അരീനയിൽ നടന്ന മത്സരത്തിൽ ഗ്നാബ്രി, ലെവൻഡോവ്സ്‌കി, മുസിയാല എന്നിവരാണ് ബയേണിന് വേണ്ടി ലക്ഷ്യം കണ്ടത്. എംറെ കാൻ പെനാൽറ്റിയിലൂടെ ബൊറൂഷ്യയുടെ ആശ്വാസഗോൾ നേടി. ലീഗിൽ മൂന്ന് മത്സരം കൂടെ ശേഷിക്കെ രണ്ടാം സ്ഥാനത്തുള്ള ബൊറൂഷ്യ ഡോർട്ട്മുണ്ടുമായി ഒന്നാം സ്ഥാനക്കാരായ ബയേണിന് 12 പോയിന്റിന്റെ ലീഡുണ്ട്. 31 മത്സരങ്ങളിൽ നിന്ന് ബയേണിന് 75ഉം ബൊറൂഷ്യയ്ക്ക് 62 പോയിന്റുമാണുള്ളത്.

31- ബയേണിന്റെ 31-ാം ബുണ്ടസ് ലിഗ കിരീടനേട്ടമാണിത്.

11- ബുണ്ടസ് ലിഗ കരീടം സ്വന്തമാക്കിയ തോമസ് മുള്ളർ ഏറ്റവും കൂടുതൽ ബുണ്ടസ് ലിഗ കിരീടം നേടുന്ന താരമായി.

33- ബുണ്ടസ് ലിഗയിൽ ഇതുവരെ 3 ഗോളുകൾ അടിച്ച ലെവൻഡോവ്സ്കി ഇത്തവണയും ടോപ് സ്കോറർ പട്ടികയിൽ എതിരാളികളേക്കാൾ വളെ മുന്നിലാണ്. അദ്ദേഹത്തിന്റെ പത്താം ബുണ്ടസ് ലിഗ കിരീട നേട്ടമാണിത്. ഏറ്റവും കൂടുതൽ ബുണ്ടസ് ലിഗ കിരീടം നേടുന്ന വിദേശ താരമെന്ന റെക്കാഡ് ലെവയ്ക്ക് സ്വന്തമാണ്.

പി.എസ്.ജിക്ക് ചരിത്ര കിരീടം

പാരിസ്: കഴിഞ്ഞ ദിവസം ലെൻസുമായി 1-1ന്റെ സമനില പാലിച്ചതോടെയാണ് ഫ്രഞ്ച് ലീഗ് 1ലെ തങ്ങളുടെ പത്താം കിരീടം പി.എസ്.ജി ഉറപ്പിച്ചത്.ലെൻസിനെതിരായ മത്സരത്തിന് മുമ്പ് ഒകരു പോയിന്റ് മതിയായിരുന്നു പി.എസ്.ജിക്ക് കിരീടമുറപ്പിക്കാൻ. നാല് മത്സരങ്ങൾ കൂടി ശേഷിക്കെയാണ് പി.എസ്.ജി കിരീടമുറപ്പിച്ചത്. ഇതിഹാസ താരം ലയണൽ മെസി 68-ാം മിനിട്ടിൽ പി.എസ്.ജിയെ മുന്നിലെത്തിച്ചു. 88-ാം മിനിട്ടിൽ ജീനാണ് ലെൻസിന്റെ സമനിലഗോൾ നേടിയത്. 57-ാം മിനിട്ടിൽ ഡാൻസോ ചുവപ്പുകാർഡ് കണ്ടതിനെത്തുടർന്ന് പത്തുപേരുമായാണ് പി.എസ്.ജി മത്സരം പൂർത്തിയാക്കിയത്. ലീഗ്1 കിരീടം ഏറ്റവും കൂടുതൽ തവണ ടീമുകളിൽ സെയിന്റ് എറ്റെന്നിക്ക് ഒപ്പം ഒന്നാം സ്ഥാനത്തെത്താനും പി.എസ്.ജിക്കായി. അതേസമയം ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലെ പുറത്താകലിനെ തുടർന്ന് ഒരുപറ്റം ആരാധകർ പ്രതിഷേധത്തിലാണ്.

Advertisement
Advertisement