നേതാക്കളുടെ പ്രതികരണങ്ങൾ

Tuesday 26 April 2022 12:15 AM IST

രാഷ്ട്രീയ പ്രവർത്തനത്തിലെ ഉന്നതമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവ്; സ്പീക്കർ എം.ബി.രാജേഷ്
രാഷ്ട്രീയ പ്രവർത്തനത്തിലെ ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു കെ.ശങ്കരനാരായണനെന്ന് സ്പീക്കർ എംബി.രാജേഷ് പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധങ്ങൾ അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. പദവിയുടെ വലുപ്പം പെരുമാറ്റത്തിൽ കാണിച്ചില്ല എന്നത് അദ്ദേഹത്തിന്റെ വലിയ സവിശേഷതയായിരുന്നു. നർമ്മബോധമാണ് മറ്റൊരു പ്രത്യേകത. സരസനും സംസാരപ്രിയനുമായിരുന്നു. ഒരു സാധാരണ പൊതുപ്രവർത്തകനെപ്പോലെ നാടൻ യുക്തികളും തമാശകളുമൊക്കെ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ. നല്ല വള്ളുവനാടൻ ഭാഷയിലാണ് അദ്ദേഹത്തിന്റെ സംസാരവും പ്രസംഗവും. വ്യക്തിപരമായി വളരെയടുത്തബന്ധം കാത്തുസൂക്ഷിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു.

നഷ്ടമായത് തലയെടുപ്പുള്ള നേതാവിനെ; മന്ത്രി കെ.രാധാകൃഷ്ണൻ

എല്ലാ അർത്ഥത്തിലും തലയെടുപ്പുള്ള നേതാവിനെയാണ് നഷ്ടമായതെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ബന്ധമുള്ളയാളാണ്. അദ്ദേഹം വഹിച്ച സ്ഥാനങ്ങളിലെല്ലാം മഹത്തരമായ സേവനം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ധനമന്ത്രി എന്ന നിലയിലും ശോഭിച്ചു. ഗവർണറായി നിയമിതനായ ശേഷം ചേലക്കരയിൽ ഞങ്ങൾ ഒരു സ്വീകരണം നൽകിയിരുന്നു. നർമ്മത്തോടെയുള്ള പ്രസംഗത്തിന് വലിയ കൈയ്യടി കിട്ടിയിരുന്നു. വ്യത്യസ്തമായതും ശരിയായതുമായ നിലപാടുള്ള വ്യക്തിയായിരുന്നു.

നേതാക്കളുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച വ്യക്തി; സാദിഖലി ശിഹാബ് തങ്ങൾ

യു.ഡി.എഫ് നേതാക്കളുമായും കക്ഷികളുമായും നല്ല ബന്ധം സൂക്ഷിച്ചയാളാണ് കെ.ശങ്കരനാരായണനെന്ന് മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചു.

ശങ്കരനാരായണന്റെ വിയോഗം നാടിനു മുഴുവൻ നഷ്ടം; പി.കെ.കുഞ്ഞാലിക്കുട്ടി
ശങ്കരനാരായണന്റെ വിയോഗം കേരളത്തിനും മുഴുവൻ നാടിനും നഷ്ടമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദീർഘകാലം യു.ഡി.എഫിനെ നല്ലരീതിയിൽ നയിച്ചു. പരിഷ്‌കാരങ്ങളും പരിവർത്തനങ്ങളും വരുത്തി. ശങ്കരനാരായണൻ കൺവീനറായിരുന്ന കാലം എന്നത് യു.ഡി.എഫിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു. ഊഷ്മളമായ നേതാവും നല്ല ഭരണാധികാരിയുമായിരുന്നു.

സൗഹൃദത്തിന്റെ കണ്ണികൾ സൂക്ഷിച്ച വ്യക്തി; എം.പി.അബ്ദുൾ സമദ് സമദാനി

വിലാശമായ സൗഹൃദത്തിന്റെ കണ്ണികൾ സൂക്ഷിച്ച വ്യക്തിയാരുന്നു ശങ്കരനാരായണനെന്ന് എം.പി അബ്ദുൾ സമദ് സമദാനി പറഞ്ഞു. പരന്ന വായന, തികഞ്ഞ നർമ്മം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രത്യേകത.

തുറന്ന മനസ്സോടെ കാര്യങ്ങളെ കാണുന്ന നേതാവ്; കെ.സുധാകരൻ

തുറന്ന മനസോടെ കാര്യങ്ങളെ കാണുകയും പ്രശ്നത്തെ അഭിമുഖീകരിക്കുകയും ചെയ്ത നേതാവാണ് ശങ്കരനാരായണനെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന വ്യക്തിയെയാണ് നഷ്ടമായത്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തനകാലം മുതൽ അടുപ്പമുണ്ടായിരുന്നു. എക്കാലത്തും കോൺഗ്രസിനു മാത്രമല്ല, സമൂഹത്തിനാകെ താങ്ങും തണലുമായിരുന്നു. ആരെയും മുഷിച്ചിട്ടില്ല. ഏത് പ്രശ്നത്തിനും എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന വ്യക്തിത്വം. നിയമസഭകളിലെ അദ്ദേഹത്തിന്റെ നീണ്ട പ്രസംഗങ്ങൾ ചരിത്രമാണ്. സൗമ്യവും സത്യസന്ധതയുള്ള അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന് കനത്ത നഷ്ടമാണ്.

യു.ഡി.എഫിന്റെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ; വി.ഡി.സതീശൻ

യു.ഡി.എഫിന്റെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരനായിരുന്നു ശങ്കരനാരായണനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ശത്രുക്കളില്ലാത്ത നേതാവായിരുന്നു. കേരളത്തിന്റെ സാമ്പത്തികമേഖല ശോഷിച്ച സമയത്തായിരുന്നു അദ്ദേഹം ധനമന്ത്രിയായി ചുമതലയേറ്റത്. പാതാളത്തിലേക്ക് കൂപ്പുകുത്തിയ സാമ്പത്തികമേഖലയെ ഉയർത്താൻ അദ്ദേഹത്തിന്റെ ഭരണമികവിന് കഴിഞ്ഞു. കെ.കരുണാകരൻ കോൺഗ്രസിന് ലീഡറായിരുന്നെങ്കിൽ, ശങ്കരനാരായണൻ യു.ഡി.എഫിന്റെ ഒരേയൊരു കൺവീനറായിരുന്നു.

രാഷ്ട്രീയ തന്ത്രജ്ഞൻ എന്ന നിലയിൽ ശ്രദ്ധേയനായ നേതാവാണ്; എം.എം.ഹസൻ
രാഷ്ട്രീയ തന്ത്രജ്ഞൻ എന്ന നിലയിൽ ശ്രദ്ധേയനായ നേതാവാണ് ശങ്കരനാരായണനെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. ഞങ്ങളുടെ തലമൂത്ത കാരണവരെയാണ് നഷ്ടമായത്. യു.ഡി.എഫിൽ വലിപ്പ ചെറുപ്പം നോക്കാതെ പ്രവർത്തിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു.

ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച നേതാവ്; കൊടിക്കുന്നിൽ സുരേഷ്

ആറ് സംസ്ഥാനങ്ങളിൽ ഗവർണറായിരിക്കെ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ച നേതാവായിരുന്നു ശങ്കരനാരായണനെന്ന് എം.പി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. യു.ഡി.എഫ് തകരുമെന്ന് എതിരാളികൾ പ്രചരിപ്പിച്ചപ്പോൾ പോലും തളരാതെ മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹത്തിനു കഴിഞ്ഞു.

Advertisement
Advertisement