മൈലപ്ര ബാങ്കിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി

Tuesday 26 April 2022 12:55 AM IST

പത്തനംതിട്ട: മൈലപ്രാ സഹകരണ ബാങ്ക് തട്ടിപ്പിന് ഉത്തരവാദികളായ പ്രസിഡന്റ്, സെക്രട്ടറി, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കണമെന്നും നിക്ഷേപകരുടെ പണം എത്രയുംവേഗം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ബാങ്കിലേക്ക് തള്ളിക്കയറാൻ പ്രവർത്തകർ ശ്രമിച്ചത് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്.
സി.പി.എം ഏരിയാ കമ്മിറ്റി അംഗവും താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനുമായിരുന്നയാൾ വർഷങ്ങളായി പ്രസിഡന്റായിരുന്ന മൈലപ്രാ സഹകരണ ബാങ്കിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ക്രമക്കേട് നടന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

സി.പി.എം ഭരണത്തിലുള്ള സീതത്തോട്, വടശ്ശേരിക്കര, കുമ്പളാംപൊയ്ക, വകയാർ, ചന്ദനപ്പള്ളി, കോന്നി, കൊടുമൺ, അടൂർ സഹകരണ ബാങ്കുകൾ, അടൂർ, തിരുവല്ല അർബൻ സഹകരണ ബാങ്കുകൾ എന്നിവി​ടങ്ങളി​ൽ നടന്ന ക്രമക്കേടുകളിൽ അന്വേഷണം നടത്തി നിക്ഷേപകരുടെ പണം തിരികെ നൽകണം.

മണ്ഡലം പ്രസിഡന്റ് മാത്യുതോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാർ, അനിൽതോമസ്, സാമുവൽ കിഴക്കുപുറം, വെട്ടൂർജ്യോതിപ്രസാദ്, എലിസബത്ത് അബു, സജി കൊട്ടയ്ക്കാട്, ബ്ലോക്ക്‌കോൺഗ്രസ് പ്രസിഡന്റ്‌ റോയിച്ചൻ എഴിക്കകത്ത്, സലിം.പി ചാക്കോ, ജയിംസ് കീക്കരിക്കാട്ട്, വിൽസൺ തുണ്ടിയത്ത് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement