പരോളിൽ പോയ 350 തടവുകാർ മടങ്ങിവന്നില്ല, നെട്ടുകാൽത്തേരിയിൽ കൃഷി വരുമാനം കൂപ്പുകുത്തി

Monday 25 April 2022 11:57 PM IST

 വരുമാനം 2 കോടിയിൽ നിന്ന് 24 ലക്ഷമായി

തിരുവനന്തപുരം: സുപ്രീംകോടതി അനുവദിച്ച കൊവിഡ് സ്‌പെഷ്യൽ പരോളിൽ പുറത്തിറങ്ങിയവരിൽ 350 തടവുകാർ മടങ്ങിവരാത്തതു കാരണം തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിലെ കൃഷി അവതാളത്തിലായി. പ്രതിവർഷം രണ്ടുകോടിയോളം വരുമാനമുണ്ടായിരുന്നത് 24 ലക്ഷത്തിലേക്ക് കൂപ്പുകുത്തി. ചുരുക്കം പേരാണ് സ്വമേധയാ മടങ്ങിയെത്തിയത്. ഇപ്പോഴുള്ള 34 തടവുകാരെക്കൂടാതെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് 30പേരെക്കൂടി എത്തിച്ചാണ് കൃഷിക്കാര്യങ്ങൾ ഒരുവിധം നടത്തിക്കൊണ്ടുപോകുന്നത്.

പരോൾ നീട്ടരുതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്.ജയിലുകളിലെ വരുമാന നഷ്ടത്തെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു.29ന് വരുന്ന അന്തിമ വിധി അനുകൂലമായാൽ എല്ലാവരെയും തിരിച്ചുവിളിക്കാമെന്ന പ്രതീക്ഷയിലാണ് ജയിലധികൃതർ.

പച്ചക്കറിക്കൃഷിക്കായി മാത്രം മുമ്പ് പ്രതിദിനം 50പേരെ നിയോഗിച്ചിരുന്നു. ഫാമുകൾ പരിപാലിക്കാൻ തടവുകാരില്ലാത്തതു കാരണം ആടിനെയും പശുവിനെയും ലേലം ചെയ്യാനാണ് നീക്കം. റബർ തോട്ടങ്ങളിൽ നിന്ന് പ്രതിവർഷം ഒരു കോടിയോളം വരുമാനം ലഭിച്ചിരുന്നു. അറുപതിലധികം പേരാണ് ടാപ്പിംഗ് ചെയ്തിരുന്നത്. പ്രതിദിനം 1000 ഷീറ്റെന്നത് ഇപ്പോൾ,100 ആയി കുറഞ്ഞു. തേനീച്ച വളർത്തൽ നിറുത്തി.

കൊവിഡിന് മുൻപ് കോഴിയിറച്ചിയിൽ നിന്ന് പ്രതിവർഷം 57 ലക്ഷവും മുട്ടയിൽ നിന്ന് 6 ലക്ഷവും ലഭിച്ചിരുന്നു. പ്രതിമാസം 10,000 കിലോ കോഴിയിറച്ചി വില്പന നടത്തിയിരുന്നു. അതും നഷ്ടത്തിലായി. മുപ്പതിനായിരം മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്നുണ്ടെങ്കിലും വിളവെടുക്കാൻ ആളില്ല. 474 ഏക്കർ ജയിൽ വളപ്പിൽ ഭൂരിഭാഗംസ്ഥലത്തും കൃഷിയാണ്. 57 ജീവനക്കാർക്കാണ് മേൽനോട്ടച്ചുമതല.

ആകെ തടവുകാർ 384

പരോളിലുള്ളവർ 350

ജയിൽക്കൃഷി

(ഇനം, ഏക്കർ വിസ്തൃതി)

വാഴ............................. 25
കിഴങ്ങുവർഗങ്ങൾ.... 20
തെങ്ങ്..........................30
റബർ......................... 200

കവുങ്ങ്......................... 5
ഫലവൃക്ഷങ്ങൾ............50

പച്ചക്കറി...................... 20
മത്സ്യം............................ 5

Advertisement
Advertisement