'തെങ്ങിനങ്ങൾ തിരഞ്ഞെടുക്കുന്നതിൽ കേരകർഷകർക്ക് പിഴവുണ്ടാകുന്നു'

Wednesday 27 April 2022 12:05 AM IST
coco

കോഴിക്കോട്: കൃഷിക്കായി നല്ലയിനം തെങ്ങിനങ്ങൾ തിരഞ്ഞെടുക്കുന്നതിലും അവ പരിപാലിക്കുന്നതിലും കർഷകർക്ക് പിഴവ് പറ്റുന്നതായി അസി. അഗ്രികൾച്ചറൽ ഡയറക്ടർ അനിത പാലാരി പറഞ്ഞു. കേന്ദ്രകൃഷി മന്ത്രാലയവും നാളികേര വികസന ബോർഡും പഴശ്ശി ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിച്ച ജില്ലാ കാർഷിക സംഗമത്തിലെ സെമിനാറിൽ വിഷയാവതരണം നടത്തുകയായിരുന്നു അവർ.
100 രൂപ വിലയുള്ള ഗുണമേന്മയില്ലാത്ത തെങ്ങിൻ തൈ വാങ്ങുന്നതിനേക്കാൾ 500 രൂപകൊടുത്ത് നല്ല തൈ വാങ്ങുന്നതാണ് ഭാവിയിൽ മെച്ചമാവുക, നല്ല തൈ ആണെങ്കിൽ 25 വർഷമെങ്കിലും മെച്ചപ്പെട്ട കായ്ഫലം കിട്ടും. നാളികേരത്തിന് വിലയില്ലെങ്കിൽ അക്കൊല്ലം തെങ്ങിന് വളമിടാതിരിക്കരുത്. കാരണം ഇപ്പോൾ വളമിടുന്നതിന്റെ ഗുണം മൂന്നു വർഷം കഴിഞ്ഞാണ് കിട്ടുക. തെങ്ങിൻ തോപ്പുകൾ ഇടവിളകളില്ലാതെ തരിശായി കിടക്കുന്നത് നല്ലതല്ല. കമുക് , വാഴ , കുരുമുളക് , ചേന, ചേമ്പ് , പയർ , ഔഷധ സസ്യങ്ങൾ തുടങ്ങിയവ കൃഷി ചെയ്യണം. ഇതെല്ലാം മനയിലാക്കി വേണം കേരകർഷകർ കൃഷി ചെയ്യാനെന്ന് അസി.ഡയറക്ടർ പറഞ്ഞു.
കേരളത്തിന്റെ സുസ്ഥിര കാർഷിക അഭിവൃദ്ധിക്ക് നാളികേര കൃഷി വർദ്ധിപ്പിക്കണമെന്നും സംസ്ഥാന സർക്കാർ കേരകർഷകർക്കായി കൃഷി പ്രോത്സാഹന നടപടികൾ വേണ്ടത്ര സ്വീകരിക്കുന്നില്ലെന്നും സംഗമം ഉദ്ഘാടനം ചെയ്ത കേന്ദ്ര നാളികേര വികസന ബോർഡ് അംഗം പി.രഘുനാഥ് പറഞ്ഞു. ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡ് ബോർഡ് ഡയറക്ടർ വി.പി.ശ്രീപത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.
കോർപ്പറേഷൻ കൗൺസിലർ നവ്യ ഹരിദാസ് , കോഴിക്കോട് മെട്രോ സിറ്റി അഗ്രി സോഷ്യൽ വെൽഫെയർ സൊസൈറ്റി സെക്രട്ടറി സുരേഷ് ബാലുശ്ശേരി , കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി.വിപിൻ , നാളികേര വികസന ബോർഡ് മാർക്കറ്റിംഗ് മാനേജർ എ.ജയശ്രീ , മലബാർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ കുഞ്ഞാപ്പു , പി.കെ.അജിത് കുമാർ, ടി.ബാലസോമൻ എന്നിവർ പ്രസംഗിച്ചു. കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ കർഷകർക്ക് നൽകിയ സന്ദേശം യോഗത്തിൽ തത്സമയം സംപ്രേഷണം ചെയ്തു. കർഷകരെയും കർഷക തൊഴിലാളികളെയും ആദരിച്ചു.

Advertisement
Advertisement