സംഘർഷ സാദ്ധ്യത: കണ്ണൂരിൽ കെ-റെയിൽ സർവ്വെ മാറ്റി

Wednesday 27 April 2022 12:05 AM IST

കണ്ണൂർ: കെ-റെയിൽ കല്ലിടൽ തടയാനെത്തിയവരും സി.പി.എം പ്രവർത്തകരും തമ്മിൽ കഴിഞ്ഞദിവസം ഏറ്റുമുട്ടലുണ്ടായ സാഹചര്യത്തിൽ എടക്കാട്,​ മുഴപ്പിലങ്ങാട് ഭാഗത്ത് ഇന്നലെ നടത്താനിരുന്ന സർവ്വെ മാറ്റിവച്ചു. സംഘർഷ സാദ്ധ്യതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർവ്വെ മാറ്റിയതെങ്കിലും സാങ്കേതിക പ്രശ്‌നമെന്നാണ് കെ-റെയിൽ അധികൃതരുടെ വിശദീകരണം.

അതേസമയം, വിഷയത്തിൽ രാഷ്ട്രീയ നേതാക്കൾ കൊമ്പുകോർക്കൽ തുടരുകയാണ്. സമരക്കാർക്കെതിരെ പൊലീസിന്റെ അടി സ്വാഭാവികമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയായി, യു.ഡി.എഫ് പ്രവർത്തകരെ ആക്രമിച്ചാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്ന് മുസ്ളിംലീഗ് സംസ്ഥാന സെക്രട്ടറി എം.കെ. മുനീർ എം.എൽ.എ പ്രതികരിച്ചു.

രണ്ടുമാസത്തെ ഇടവേളക്കു ശേഷം കഴിഞ്ഞയാഴ്ച കണ്ണൂരിൽ ചാലയിലാണ് സർവ്വെ പുനഃരാരംഭിച്ചത്. കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാരെത്തി സർവ്വെ തടഞ്ഞു. തുടർന്ന് തിങ്കളാഴ്ച എടക്കാട് ഭാഗത്ത് സർവ്വെ ആരംഭിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്.


 കൈയൂക്ക് കൊണ്ട് നേരിടരുത്: ലീഗ്
സിൽവർ ലൈനിനെതിരെ കുടിയിറക്കപ്പെടുന്നവർ നടത്തുന്ന സമരത്തെ പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് നേരിടുന്നത് കാടത്തമാണെന്ന് മുസ്ളിംലീഗ് ജില്ലാ സെക്രട്ടറി അഡ്വ. അബ്ദുൾകരീം ചേലേരി പ്രസ്താവിച്ചു.
ജനകീയ പോരാട്ടത്തെയാണ് സി.പി.എം ഗുണ്ടായിസം കൊണ്ട് തകർക്കാൻ ശ്രമിക്കുന്നത്. കല്ല് പറിക്കുമ്പോൾ പല്ല് പോകുന്നത് നോക്കണമെന്ന സി.പി.എം നേതാക്കളുടെ പ്രകോപനപരമായ പ്രതികരണങ്ങളുടെ ആവേശത്തിൽ ഉദ്യോഗസ്ഥരെയും പൊലീസിനെയും കൂട്ടുപിടിച്ച് സി.പി.എം പ്രവർത്തകർ സമരത്തെ നേരിടുന്നത് കൂടുതൽ ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും ചേലേരി പറഞ്ഞു.

Advertisement
Advertisement