36-ാം വയസിൽ എൽഎൽ.ബി ഒന്നാംറാങ്ക്, ലക്ഷ്യം നേടി വീട്ടമ്മ

Wednesday 27 April 2022 12:05 AM IST

കൊച്ചി: കോളേജ് കാലത്ത് ചാനലുകളിലും സ്റ്റേജുകളിലും അവതാരകയായി ജോലി ചെയ്യുമ്പോഴും പിന്നീട് വീട്ടമ്മയായി ഒതുങ്ങിയപ്പോഴും ശരണ്യയുടെ മനസിൽ കനൽ പോലെ ആ ആഗ്രഹം നീറി നിന്നിരുന്നു - അഭിഭാഷകയാകണം. ഇപ്പോൾ 36-ാം വയസിൽ എം.ജി സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ എൽഎൽ.ബി ജയിച്ച് ആ ലക്ഷ്യത്തിലേക്ക് എത്തുകയാണ് ശരണ്യ.

എം.എ പാസായി പന്ത്രണ്ട് വർഷത്തിന് ശേഷമാണ് ശരണ്യ എൽഎൽ.ബി പ്രവേശന പരീക്ഷ ജയിച്ച് ലാ കോളേജിൽ ചേർന്നത്. 33-ാം വയസിൽ. പൂത്തോട്ട ശ്രീനാരായണ ലാ കോളേജിൽ മൂന്നു വർഷ എൽഎൽ.ബി കോഴ്സ്. ബോട്ടിലും ബസിലുമായി ദിവസവും 50 കിലോമീറ്റർ ദുരിത യാത്ര. മകൾ ഗായത്രി അന്ന് രണ്ടാം ക്ലാസിൽ. ഇപ്പോൾ നാലാം ക്ലാസിൽ. ഈ മൂന്ന് വർഷം ഒരോട്ടമായിരുന്നു. രാവിലെ മകളെ ഒരുക്കി സ്‌കൂളിൽ അയയ്‌ക്കും. 7.30ന് കലവൂരിൽ നിന്ന് ചേർത്തല കോടതി വരെ ബസിൽ. അവിടെനിന്ന് തവണക്കടവ് വരെ അടുത്ത ബസ്. പിന്നെ വൈക്കം വരെ ബോട്ട്. പുത്തൻകാവ് വരെ ബസ്. വൈകിട്ടും ഇത് ആവർത്തിക്കും. വീട്ടിലെത്തിയാൽ മോളുടെയും ഭർത്താവിന്റെയും കാര്യങ്ങൾ. വീട്ടുജോലികൾ. എല്ലാം തീർത്തശേഷം രാവേറെ ചെല്ലുമ്പോഴും പഠനം.

പഠനകാലത്തും പ്രതിസന്ധികൾ വിട്ടില്ല. ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷാ സമയത്ത് ശ്വാസസംബന്ധമായ അസുഖം മൂലം മകൾ ഐ.സിയുവിലായി. മൂന്നാം സെമസ്റ്റർ പരീക്ഷാ സമയത്ത് ഭർത്താവിന്റെ അച്ഛൻ മരിച്ചു. നാലാം സെമസ്റ്റർ പരീക്ഷാ സമയത്ത് ഭർത്താവ് ആശുപത്രിയിലായി. അഞ്ചാമത്തെ പരീക്ഷാ സമയത്ത് ശരണ്യയ്‌ക്ക് ആരോഗ്യപ്രശ്നങ്ങളായി. ഇതൊക്കെ മറികടക്കാനുള്ള ഊർജ്ജം നൽകിയത് ഓഡിയോളജിസ്റ്റായ ഭർത്താവ് കലവൂർ പി.ജി ഭവനത്തിൽ സുമേഷ് കുമാറാണ്. ആദ്യ സെമസ്റ്റർ മാർക്ക് വന്നപ്പോൾ റാങ്ക് നേടണമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചു. സഹോദരൻ ശിവപ്രസാദും കുടുംബാംഗങ്ങളും ഒപ്പം നിന്നു.

2007ൽ ആലപ്പുഴ എസ്.ഡി കോളേജിൽ നിന്ന് 70 ശതമാനം മാർക്കോടെ ഇക്കണോമിക്സിൽ എം.എ പാസായ ശരണ്യ ചേർത്തല എസ്.എൻ കോളേജിലും സെന്റ് മൈക്കിൾസ് കോളേജിലുമായി അഞ്ചു വർഷം ഗസ്റ്റ് ലക്ചററായിരുന്നു. കല്യാണം കഴിയുന്നതു വരെ ആ ജോലിയായിരുന്നു. മകൾ സ്‌കൂളിൽ ചേർന്ന ശേഷമാണ് അഭിഭാഷകമോഹം പൊടിതട്ടിയെടുത്തത്. ശരണ്യയുടെ വിജയം സോഷ്യൽ മീഡിയയിലും ചർച്ചയായി. ഏത് പ്രായത്തിലും എന്തെങ്കിലും പഠിക്കാൻ ശരണ്യ പ്രചോദനമാണെന്ന് പലരും കുറിച്ചു.

 പ്രാക്ടീസ് ചെയ്യാനാണ് ആഗ്രഹം. എൽഎൽ.എമ്മും എടുക്കണം. പൂ‌ത്തോട്ട കോളേജിലെ അദ്ധ്യാപകരുടെ പിന്തുണ വിജയത്തിനു പിന്നിലുണ്ട്.

ശരണ്യ ടി. നായർ

Advertisement
Advertisement