പ്രിയമേറി ഇരുചക്ര വൈദ്യുത വാഹനങ്ങൾ

Wednesday 27 April 2022 1:09 AM IST

കൊച്ചി: ചാർജിംഗ് സ്റ്റേഷനുകൾ വ്യാപകമായതിന് പിന്നാലെ വൈദ്യുത ഇരുചക്ര, ത്രിചക്ര വാഹനങ്ങളുടെ പ്രിയം വർദ്ധിക്കുന്നു. വൈദ്യുത സൈക്കിളുകൾക്കും ആവശ്യക്കാർ വർദ്ധിച്ചു. പെട്രോൾ വിലവർദ്ധനയും കുറഞ്ഞ പ്രവർത്തനച്ചെലവുമാണ് വൈദ്യുത ഇരുചക്ര വാഹനങ്ങളെ ജനകീയമാക്കുന്നത്. കൊച്ചി വൈദ്യുത വാഹനങ്ങളുടെ കേരളത്തിലെ പ്രധാന വിപണിയായും മാറി.

ഫെബ്രുവരിയിൽ 30,000 ഉം മാർച്ചിൽ 45,000ത്തിലേറെയും വൈദ്യുത ഇരുചക്ര വാഹനങ്ങൾ വിറ്റഴിച്ചതായാണ് കണക്ക്. 25 ലേറെ ഡീലർമാർ ജില്ലയിൽ ഷോറൂമുകൾ ആരംഭിച്ചിട്ടുണ്ട്. വില്പനയും അന്വേഷണങ്ങളും വർദ്ധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. കെ.എസ്.ഇ.ബിയും സ്വകാര്യ സംരംഭകരും ജില്ലയിലെ വിവിധയിടങ്ങളിൽ ചാർജിംഗ് സ്റ്റേഷനുകൾ തുറന്നിട്ടുണ്ട്. കെ.എസ്.ഇ.ബി 136 ചാർജിംഗ് സ്റ്റേഷനുകൾ തുറന്നു കഴിഞ്ഞു. ഇരുചക്ര വാഹനങ്ങൾക്ക് ബാറ്ററി ചാർജ് ചെയ്തും മാറ്റിനൽകുന്നതുമായ സ്വകാര്യ സംരംഭങ്ങളും കൊച്ചി നഗരത്തിൽ ആരംഭിച്ചിട്ടുണ്ട്.

 ചെലവ് തുച്ഛം, ആശങ്ക ബാറ്ററിയിൽ

പെട്രോളിനെ അപേക്ഷിച്ച് ചെലവിലെ കുറവാണ് വൈദ്യുത ഇരുചക്ര വാഹനങ്ങളുടെ പ്രധാന ആകർഷണം. വാഹനങ്ങളുടെ അറ്റകുറ്റപ്പണി കുറവാണെന്നതാണ് മറ്റൊന്ന്. ഒരു കിലോമീറ്റർ യാത്രയ്ക്ക് 2.50 രൂപയുടെ പെട്രോൾ വേണം. വൈദ്യുതവാഹനത്തിന് 25 പൈസയാണ് ചെലവ്. വൈദ്യുത വാഹനങ്ങളുടെ ബാറ്ററിക്ക് തീപിടിച്ച സംഭവങ്ങൾ ആശങ്ക പരത്തുന്നുമുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന് വ്യാപാരികൾ പറയുന്നു. നാലോ അഞ്ചോ സംഭവങ്ങൾ മാത്രമാണുള്ളത്. ബാറ്ററി സംബന്ധിച്ച് തുടരുന്ന ഗവേഷണങ്ങളിലൂടെ അപകടരഹിതമായ വാഹനങ്ങൾ ലഭ്യമാകും.

 പ്രതീക്ഷ വാണിജ്യാവശ്യങ്ങളിൽ

ഓൺലൈൻ ഭക്ഷ്യവിതരണം ഉൾപ്പെടെ മേഖലകളിൽ വൈദ്യുത ഇരുചക്ര വാഹനങ്ങൾ വ്യാപകമാക്കാൻ വിവിധ കമ്പനികൾ രംഗത്തിറങ്ങിയിട്ടുണ്ട്. ഓൺലൈൻ ഭക്ഷ്യവിതരണ സ്ഥാപനങ്ങൾക്ക് വിലക്കിഴിവിൽ വൻതോതിൽ സ്കൂട്ടറുകൾ നൽകാൻ വാഗ്ദാനങ്ങൾ നൽകുന്നുണ്ട്. വായ്പാസൗകര്യം, സാങ്കേതിക പിന്തുണ തുടങ്ങിയവ നൽകുന്നുണ്ട്.

50 ഓളം വൈദ്യുത വാഹന ബ്രാൻഡുകൾ വിപണിയിലുണ്ട്. സ്വന്തം ഷോറൂമുകൾ പല കമ്പനികളും തുറന്നിട്ടുണ്ട്. ഒന്നിലേറെ ബ്രാൻഡ് വാഹനങ്ങൾ ലഭ്യമാകുന്ന ഷോറൂമുകളും വ്യാപകമാണ്. വാങ്ങുന്ന വ്യക്തിക്ക് ഇഷ്ടമുള്ള വാഹനം തിരഞ്ഞെടുക്കാൻ ഇതുവഴി കഴിയും. 20 ബ്രാൻഡുകളുടെ വില്പനയും സേവനങ്ങളും നൽകുന്ന ഇത്തരം ഷോറൂമുകൾ വൈദ്യുത വാഹന വില്പനയെ പ്രോത്സാഹിപ്പിക്കും.

രാജേഷ് മേനോൻ

വൈറ്റില ബി.ലൈവ് സ്റ്റോർ പാർട്നർ

വില രൂപയിൽ

ഇ സ്കൂട്ടറുകൾ 75,000

സൈക്കിളുകൾ 35,000

Advertisement
Advertisement