കൊവിഡിൽ അനാഥരായ കുട്ടികൾക്ക് കേന്ദ്രീയ വിദ്യാലയത്തിൽ സൗജന്യപഠനം

Wednesday 27 April 2022 12:00 AM IST

ന്യൂഡൽഹി: കൊവിഡിൽ അനാഥരായ കുട്ടികൾക്ക് കേന്ദ്രീയ വിദ്യാലയങ്ങളിൽ സൗജന്യ പഠനത്തിന് അവസരമൊരുങ്ങും. പി.എം. കെയേഴ്‌സ് ഫോർ ചിൽഡ്രൺ സ്‌കീമിൽ ഉൾപ്പെടുത്തി ഒന്നുമുതൽ പന്ത്രണ്ടാം ക്ളാസ് വരെയുള്ള ഫീസ് ഒഴിവാക്കും. ജില്ലാ മജിസ്ട്രേറ്റ് നൽകുന്ന പട്ടികപ്രകാരം ഒരു വിദ്യാലയത്തിൽ പത്ത് കുട്ടികൾക്കും ഒരു ക്ളാസിൽ പരമാവധി രണ്ടു കുട്ടികൾക്കുമാണ് പ്രവേശനം.

ഒന്നാം ക്ളാസിലെ പ്രവേശനത്തിന് മാർച്ച് 31ന് ആറുവയസ് തികയണം. എട്ടുവയസ് കഴിയരുത്. ഏപ്രിൽ ഒന്നിന് ജനിച്ച കുട്ടിയെയും പരിഗണിക്കും. പത്താം ക്ലാസ് വിജയിച്ച അതേവർഷം പതിനൊന്നാം ക്ളാസിലേക്കുള്ള പ്രവേശനത്തിന് പ്രായപരിധി ഇല്ല. 12ാം ക്ലാസിനും പ്രായപരിധി ഇല്ല. ഭിന്നശേഷിക്കാർക്ക് പ്രായപരിധിയിൽ രണ്ടുവർഷം ഇളവുണ്ട്.

ആകെ സീറ്റിന്റെ 15 ശതമാനം പട്ടികജാതിക്കാർക്കും 7.5 ശതമാനം പട്ടികവർഗത്തിനും 27 ശതമാനം മറ്റു പിന്നാക്ക വിഭാഗങ്ങളിലെ നോൺ ക്രീമിലെയർ വിദ്യാർത്ഥികൾക്കുമാണ്.

പുതിയ മാർഗനിർദേശത്തിൽ എം.പിമാരുടെ നിറുത്തലാക്കിയ ക്വാട്ട പുനഃസ്ഥാപിച്ചില്ല.

Advertisement
Advertisement