സസന്തോഷം സെമിയിലേക്ക്

Wednesday 27 April 2022 12:05 AM IST

സന്തോഷ് ട്രോഫി സെമി ഫൈനലുകൾക്ക് നാളെ തുടക്കം

28ന് ആദ്യ സെമിയിൽ കേരളം കർണാടകയെ നേരിടും

29ന് രണ്ടാം സെമിയിൽ മണിപ്പൂർ പശ്ചിമ ബംഗാളിനോട്

സെമിഫൈനലുകൾ രാത്രി 8.30 മുതൽ


മലപ്പുറം : സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനൽ മത്സരങ്ങൾക്ക് നാളെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ തുടക്കമാകും. വ്യാഴാഴ്ച ആതിഥേയരായ കേരളവും അയൽക്കാരായ കർണാടകവും തമ്മിലാണ് ആദ്യ സെമി ഫൈനൽ. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ മണിപ്പൂരും പശ്ചിമ ബംഗാളുമാണ് ഏറ്റുമുട്ടുന്നത്.

പ്രാഥമിക റൗണ്ടിലെ നാലുമത്സരങ്ങളിൽ മൂന്നും ജയിച്ച് എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് കേരളം സെമിയിലെത്തിയത്. ബി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഗുജറാത്തിനെ 4-0ത്തിന് തോൽപ്പിച്ച കർണാടകം, സർവീസസിനോട് ഒഡിഷ തോറ്റതോടെയാണ് സെമിയിലേക്ക് പ്രവേശിച്ചത്. കേരളത്തിന് പിന്നിൽ എ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് ബംഗാൾ അവസാന നാലിലെത്തിയത്.മണിപ്പൂരാണ് ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ.

സെമിഫൈനലുകളുടെ സമയക്രമത്തിൽ സംഘാടകർ മാറ്റം വരുത്തിയിട്ടുണ്ട്.എട്ടു മണിക്ക് നടത്താനിരുന്ന മത്സരങ്ങൾ ആരാധകരുടെ പ്രത്യേക ആവശ്യം പരിഗണിച്ച് 8.30 ലേക്കാണ് മാറ്റിയിരിക്കുന്നത്. നോമ്പ് തുറയ്ക്ക് ശേഷം ആരാധകർക്ക് സ്റ്റേഡിയത്തിലെത്താനാണ് മത്സര സമയം മാറ്റിയത്.
സെമിക്കും ഫൈനലിനും ടിക്കറ്റ് നിരക്കിൽ വർദ്ധനവും ഉണ്ടാകും. സെമിക്ക് 100 രൂപയുടെ ഗ്യാലറി ടിക്കറ്റിന് 150 രൂപയും ഫൈനലിന് 200 രൂപയുമാക്കും. 250 രൂപയുടെ കസേര ടിക്കറ്റിന് സെമിക്ക് 300 രൂപയും ഫൈനലിന് 400 രൂപയുമാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. വി.ഐ.പി കസേര ടിക്കറ്റിന് നിലവിലുള്ള തുക തുടരും. ഒാഫ്‌ലൈ‌ന്‍ കൗണ്ടർ ടിക്കറ്റുകളുടെ വില്‍പന മത്സരദിവസം 4.30 ന് ആരംഭിക്കും. തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് ടിക്കറ്റ് വിതരണം നേരത്തെ ആക്കുന്നത്. ഓൺലൈൻ ടിക്കറ്റുകളുടെ വിതരണം https://santoshtrophy.com/ എന്ന വെബ്സൈറ്റ് വഴി ആരംഭിച്ചിട്ടുണ്ട്.

Advertisement
Advertisement