വിലയ്ക്കുവാങ്ങിയും വാടകയ്ക്ക് എടുത്തും കെ.എസ്.ആർ.ടി.സി 1150 ബസിറക്കും, ലക്ഷ്യം കൂടുതൽ യാത്രക്കാർ, കൂടുതൽ വരുമാനം

Wednesday 27 April 2022 12:45 AM IST

12 മണിക്കൂർ ഡ്യൂട്ടിയും പരിഗണനയിൽ

തിരുവനന്തപുരം: വരുമാനം കൂട്ടാൻ ഒരു വർഷത്തിനുള്ളിൽ 1150 ബസുകൾ കെ.എസ്.ആർ.ടി.സി നിരത്തിലിറക്കും.

വാങ്ങുന്ന 400 സി.എൻ.ജി ബസുകളും 50 ഇലക്ട്രിക് ബസുകളും വാടകയ്ക്ക് എടുക്കുന്ന

700 സ്വകാര്യ ബസുകളുമാണ് ഉപയോഗിക്കുന്നത്.

പദ്ധതിക്ക് ധനകാര്യവകുപ്പ് അംഗീകാരം നൽകി. ബസുകൾ വാങ്ങാൻ 50 കോടി രൂപ ധനവകുപ്പ് അനുവദിച്ചിട്ടുണ്ട്.

കൊവിഡ് കാലത്ത് വെട്ടിക്കുറച്ച സർവീസുകൾ പുനരാരംഭിക്കാത്തതു കാരണം വരുമാനം കൂടുന്നില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ 18ന് 'ബസില്ലാതെ ജനങ്ങൾ, കാശില്ലാതെ ആനവണ്ടി' എന്ന തലക്കെട്ടിൽ കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് ബസുകൾ വാങ്ങുന്ന പദ്ധതിക്ക് അംഗീകാരമായത്.

സൂപ്പർ ക്ലാസ് സർവീസ് നടത്തുന്ന 704 ബസുകളുടെ കാലാവധി ഉടൻ അവസാനിക്കും. ഇവ ഓർഡിനറി സർവീസിന് മാറ്റും. ആ സ്ഥാനത്ത് സൂപ്പർക്ലാസ് സർവീസിനാണ് ബസുകൾ വാടകയ്ക്ക് എടുക്കുന്നത്. ജീവനക്കാർ മുൻകൂട്ടി അറിയിക്കാതെ വരാതിരിക്കുന്നതു കാരണം പ്രതിദിനം 300 മുതൽ 350 വരെ സർവീസുകൾ മുടങ്ങുന്നുണ്ട്. ഈ സാഹചര്യം ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കും. സർവീസുകൾ മുടങ്ങാതെ നടത്താനുള്ള ഉത്തരവാദിത്വം എ.ടി.ഒമാർക്ക് നൽകും.

എട്ടു മണിക്കൂർ ഡ്യൂട്ടി 12 മണിക്കൂറാക്കാനും അധിക ഡ്യൂട്ടിക്ക് അധിക വേതനവും ഇൻസെന്റീവും നൽകാനും ആലോചനയുണ്ട്. ഇക്കാര്യം തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്യും.തിരക്കുള്ളപ്പോൾ കൂടുതൽ സർവീസ് നടത്തി വരുമാനം നേടുകയാണ് ലക്ഷ്യം. ഉപയോഗശൂന്യമായ 620 ബസുകൾ ആക്രിവിലയ്ക്ക് വിൽക്കും.

₹ 45കോടി ലക്ഷ്യം

Rs.1.5 കോടി:

പുതിയ 1000 ബസിൽ

നിന്നുള്ള പ്രതിദിന

വരുമാനം

Rs.45 കോടി :

ഒരു മാസത്തെ

വരുമാനം

5.5 കോടി:

നിലവിലെ പ്രതിദിന

വരുമാനം

3200-3500:

നിലവിൽ സർവീസ്

നടത്തുന്ന ബസുകൾ

മെക്കാനിക്കുകൾ ഡ്രൈവിംഗ് പഠിക്കണം

മെക്കാനിക്കൽ വിഭാഗത്തിൽ ഡ‌്രൈവിംഗ് അറിയാത്തവരെ പഠിപ്പിക്കും. ഇപ്പോൾ ബസ് നീക്കിയിടാനും മറ്റും ഡ്രൈവറുടെ സേവനമാണ് തേടുന്നത്.

` പ്രതിസന്ധി മറികടക്കാൻ 12 മണിക്കൂർ ഡ്യൂട്ടി ചെയ്യാൻ ജീവനക്കാർ തയ്യാറാകണം'

-ആന്റണി രാജു,

ഗതാഗത മന്ത്രി

`കൂടുതൽ യാത്രക്കാരെ ആകർഷിച്ചാലേ വരുമാനം വർദ്ധിക്കൂ.'

-ബിജു പ്രഭാകർ,

എം.ഡി,

കെ.എസ്.ആർ.ടി.സി

Advertisement
Advertisement