അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം; യുവതി ഗുരുതരാവസ്ഥയിൽ, ദുരന്തത്തിൽ പെട്ടത് നെടുമങ്ങാട് സ്വദേശികൾ

Thursday 28 April 2022 12:00 AM IST
മരിച്ച ഷൈജു, സുധീഷ് ലാൽ, മകൻ അമ്പാടി, അഭിരാജ് .

അമ്പലപ്പുഴ: സൗദിയിൽ ജോലി ലഭിച്ച യുവതിയെ യാത്രയാക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കാറിൽ പോയ ഭർത്താവും മകനും സഹോദരനും ബന്ധുവുമടക്കം ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. ദേശീയപാതയിൽ അമ്പലപ്പുഴ പായൽക്കുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തിരുവനന്തപുരം ഉഴമലയ്ക്കൽ പരുത്തിക്കുഴി ഷൈനിവിലാസത്തിൽ ഷൈജു (34), സഹോദരീ ഭർത്താവ് നെടുമങ്ങാട് നെട്ടറക്കോണം പന്തടിവിള വീട്ടിൽ സുധീഷ് (36), സുധീഷിന്റെ മകൻ നിരഞ്ജൻ (13), സുധീഷിന്റെ പിതൃസഹോദരപുത്രനും കാർ ഡ്രൈവറുമായ പരുത്തിക്കുഴി നന്ദനം വീട്ടിൽ അഭിരാജ് (29) എന്നിവരാണ് മരിച്ചത്.

സുധീഷിന്റെ ഭാര്യ ഷൈനിയെ (31) ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദമാമിൽ ജോലി ലഭിച്ച ഷൈനിയെ യാത്ര അയയ്ക്കാൻ നെടുമ്പാശ്ശേരിയിലേക്ക് തിരിച്ച ഇവർ ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് അപകടത്തിൽ പെട്ടത്. എറണാകുളത്ത് നിന്ന് അരി കയറ്റിയെത്തിയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

തകഴിയിൽ നിന്ന് എത്തിയ അഗ്‌നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ച് രക്ഷാപ്രവർത്തനം നടത്തിയപ്പോഴേക്കും നാലു പേരും മരിച്ചിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഷൈനിയുടെ നിലവിളി കേട്ടാണ് ആളുകൾ ഓടിക്കൂടിയത്.

അടിയിൽ കുരുങ്ങിയ കാറുമായി ലോറി 25 മീറ്ററോളം മുന്നോട്ട് നീങ്ങി പാതയോരത്തെ കടയിലേക്ക് ഇടിച്ചുകയറി. ലോറിയുടെ ഇടത് ചക്രം അടർന്നു മാറി. ഇലക്ട്രിക് പോസ്‌റ്റുകൾ തകർന്നതിനാൽ കാറിൽ കമ്പികൾ ചുറ്റിയ നിലയിലായിരുന്നു. ലോറി ഡ്രൈവർക്കും ക്ളീനർക്കും നിസ്സാര പരിക്കേറ്റു.

അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ ഒമ്പതു മണിക്ക് വിമാനത്താവളത്തിൽ എത്തേണ്ടിയിരുന്ന ഇവർ പുലർച്ചെ നാലു മണിയോടെ ഹരിപ്പാട്ട് നിന്ന് പ്രഭാത ഭക്ഷണവും കഴിച്ചാണ് യാത്ര തുടർന്നത്.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി വീട്ടുവളപ്പിൽ സംസ്കരിച്ചു.

Advertisement
Advertisement