കടലാസിലെ 'ടൂറിസം" കണ്ടെത്താൻ പ്രത്യേക ടീം

Thursday 28 April 2022 12:04 AM IST

 പ്രഖ്യാപനത്തിൽ ഒതുങ്ങിയ ടൂറിസം പദ്ധതികൾ കണ്ടെത്താൻ പ്രത്യേക ടീം

 പരിശോധിക്കുന്നത് 2013 മുതലുള്ളവ

തിരുവനന്തപുരം: പ്രഖ്യാപിച്ചിട്ടും ഭരണാനുമതി കിട്ടിയിട്ടും നടപ്പാക്കാതെ പോയ ടൂറിസം പദ്ധതികൾ കണ്ടെത്താൻ ടൂറിസം വകുപ്പ് പ്രത്യേക ടീമിനെ നിയോഗിക്കുന്നു. പ്രാരംഭഘട്ട ചർച്ച തുടങ്ങി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

ഭരണാനുമതി കിട്ടിയതും ഫണ്ട് നഷ്ടപ്പെടാതിരിക്കാൻ ആദ്യഘട്ടം മാത്രം തുടങ്ങിവച്ച് തടിതപ്പിയതുമായ പദ്ധതികളും അന്വേഷണപരിധിയിൽ വരും. ടീമിന്റെ മേൽനോട്ട ചുമതല മന്ത്രിതലത്തിൽ നിന്നാകും. സംസ്ഥാനത്തുടനീളം അന്വേഷണമുണ്ടാകും. റിപ്പോർട്ട് ടൂറിസം മന്ത്രിക്ക് കൈമാറും. വീഴ്ച കണ്ടെത്തിയാൽ അടിയന്തരമായി നടപടിയെടുക്കും.

പദ്ധതികൾ മുടങ്ങാൻ കാരണക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികളടക്കമുണ്ടാകും. 2013 മുതലുള്ള നൂറോളം പദ്ധതികളാണ് പരിശോധിക്കുന്നത്. മിക്ക പദ്ധതികൾക്കുമായി ഏജൻസികൾക്ക് 20 ശതമാനംവരെ ഫണ്ടുകളും കൈമാറിയിരുന്നു. ഇതുപരിശോധിച്ച് നിയമാനുസൃതമായി തിരികെ വാങ്ങും. ഫണ്ട് തിരികെ ലഭിച്ചില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ഇൗടാക്കും.

 നിർമ്മാണങ്ങളും പരിശോധിക്കും

ടൂറിസംവകുപ്പിനായുള്ള നിർമ്മാണങ്ങളും പ്രത്യേക ടീം പരിശോധിക്കും. ഗസ്റ്റ്ഹൗസുകൾ അടക്കം നിരവധി നിർമ്മാണങ്ങൾ പൂർത്തിയാക്കാൻ കരാറിൽ പറഞ്ഞതിനേക്കാൾ കാലതാമസം നേരിടുന്നുവെന്ന പരാതികളുണ്ട്. വീഴ്ചകളും ക്രമക്കേടും കണ്ടാൽ ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാർക്കെതിരെയും നടപടിയുണ്ടാകും.

 ശുചിത്വം ഉറപ്പാക്കും

ടൂറിസം കേന്ദ്രങ്ങളിൽ ശുചിത്വം ഉറപ്പാക്കാനുള്ള പദ്ധതിയും ആലോചനയിലുണ്ട്. ടൂറിസം ക്ലബ്ബ്, യുവജനക്ഷേമ ബോർഡ് അംഗങ്ങളെ ഉൾപ്പെടുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാകും പദ്ധതി.

Advertisement
Advertisement