കോടികളുടെ ഇൻസിനറേറ്റർ തുരുമ്പ് വിലയ്ക്ക് വിറ്റൊഴിഞ്ഞു

Thursday 28 April 2022 12:34 AM IST

കൊച്ചി: ഒമ്പത് വർഷംമുമ്പ് 2.19 കോടി രൂപയ്ക്ക് വാങ്ങിയ ആധുനിക മൊബൈൽ ഇൻസിനറേറ്റർ തുരുമ്പുവിലയ്ക്ക് വിറ്റു. വിറ്റത് നിസാരതുകയായ 24.10 ലക്ഷം രൂപയ്ക്ക്. ക്ലീൻ കേരളയുടെ ഉടമസ്ഥതയിലുള്ള ടാറ്റാ ട്രെയിലർ ലോറിയും ഒപ്പമുള്ള ഇൻസിനറേറ്ററും 2015 ജൂൺ മുതൽ എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ളാന്റിൽ കിടന്നു നശിക്കുകയായിരുന്നു.

മുമ്പ് രണ്ട് തവണ ക്ലീൻ കേരള ലേലത്തിന് ശ്രമിച്ചെങ്കിലും മെക്കാനിക്കൽ എൻജിനീയർ വിലയിട്ട 50 ലക്ഷത്തിന്റെ പകുതി പോലും എത്തിയിരുന്നില്ല. തുടർന്ന് ഉരുക്കു മന്ത്രാലയത്തിന് കീഴിലുള്ള മെറ്റൽ സ്‌ക്രാപ് ട്രേഡ് കോർപ്പറേഷന് (എം.എസ്.ടി.സി) ലേല നടപടികൾക്കായി കൈമാറുകയായിരുന്നു. എന്നാൽ പലതവണ ലേലത്തിന് ശ്രമിച്ചെങ്കിലും ഈ തുകയ്ക്ക് എടുക്കാൻ കമ്പനികൾ തയ്യാറാകാഞ്ഞതിനെ തുടർന്നാണ് വിലയിട്ടതിലും പകുതി തുകയ്ക്ക് വില്കാൻ ക്ലീൻ കേരള തയ്യാറായത്. തിരുവനന്തപുരം ആസ്ഥാനമായുള്ള കുറുപ്പ് ആൻഡ് സൺസാണ് കണ്ടം ചെയ്യുന്നതിന് വണ്ടി വാങ്ങിയത്. മൂന്ന് തവണ ലേലം വച്ചതിന് ശേഷമാണ് പ്രതീക്ഷിച്ച തുക ലഭിച്ചത്.

വാങ്ങിയത്

വിളപ്പിൽ ശാലയ്ക്കായി

വിളപ്പിൽശാല മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചു പൂട്ടിയപ്പോഴാണ് തിരുവനന്തപുരം കോർപ്പറേഷന്റെ ഖരമാലിന്യ സംസ്‌കരണത്തിന് വേണ്ടി 2012 ഒക്ടോബറിൽ സിഡ്‌കോ യന്ത്രം വാങ്ങിയത്. മണിക്കൂറിൽ ഒരു ടൺ വരെ മാലിന്യം സംസ്‌കരിക്കാൻ 77.20 ലിറ്റർ ഡീസലായിരുന്നു ഇന്ധനചെലവ്. ആദ്യവർഷം 40 ദിവസം പ്രവർത്തിപ്പിച്ചതിന്റെ ഇന്ധനചെലവ് നൽകിയ ശുചിത്വ മിഷൻ പിന്നീട് ഇത് ഏറ്റെടുക്കാൻ തിരുവനന്തപുരം കോർപ്പറേഷനോട് ആവശ്യപ്പെട്ടു. പ്രവർത്തനചെലവ് സർക്കാർ വഹിച്ചാൽ ആകാമെന്നായിരുന്നു കോർപ്പറേഷന്റെ നിലപാട്.

തുടർന്ന് 50 ശതമാനം ഇന്ധനച്ചെലവ് വഹിക്കാൻ തയാറുള്ള തദ്ദേശ സ്ഥാപനത്തിനു നൽകാൻ ശുചിത്വ മിഷന് തദ്ദേശ വകുപ്പ് നിർദ്ദേശം നൽകി. 2014 മാർച്ചിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിർദ്ദേശ പ്രകാരം ക്ലീൻ കേരള കമ്പനി ഏറ്റെടുത്ത് കൊച്ചി കോർപ്പറേഷൻ, കളമശേരി, കോട്ടയ്ക്കൽ നഗരസഭകളുടെ പ്രവർത്തനത്തിനു വേണ്ടി കുറച്ചു ദിവസം ലഭ്യമാക്കി. പിന്നീട് ആർക്കും ആവശ്യമില്ലാത്തതിനാൽ ഇത് ശുചിത്വ മിഷന് തന്നെ തിരിച്ചു കൊടുക്കാൻ ക്ലീൻ കേരള കമ്പനി നിർദ്ദേശിച്ചു. പ്രവർത്തനച്ചെലവ് താങ്ങാനാവാത്തതിനാൽ ഡീ കമ്മീഷൻ ചെയ്യാനോ ലേലം ചെയ്തു വിൽക്കാനോ ആയിരുന്നു 2017ൽ ശുചിത്വ മിഷന്റെ നിർദ്ദേശം.

ഉണ്ടായത് നഷ്ടം മാത്രം

2015 ജൂൺ മുതൽ ബ്രഹ്മപുരം പ്ലാന്റിൽ കാടുകയറി കിടക്കുകയാണ് ഇൻസിനറേറ്റർ. 2012 മുതൽ 2015 ജൂൺ വരെ ആകെ പ്രവർത്തിപ്പിച്ചത് 69 ദിവസം മാത്രം. സംസ്‌കരിച്ചതാവട്ടെ 248 മെട്രിക് ടൺ മാലിന്യവും.

"ഒരാഴ്ച മുമ്പാണ് നടപടികൾ പൂർത്തിയായത്. ഇൻസിനറേറ്റർ ഇതുവരെ കൈമാറിയിട്ടില്ല. ചില നടപടി ക്രമങ്ങൾ കൂടി ബാക്കിയുണ്ട്. എല്ലാം എം.എസ്.ടി.സി വഴിയാണ് നടക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ വാഹനം കൈമാറും."

കേശവൻ നായർ

എം.ഡി, ക്ലീൻ കേരള.

Advertisement
Advertisement