മന്ത്രിസഭാ വാർഷികാഘോഷം മേയ് 10 മുതൽ 16 വരെ തിരൂരിൽ

Thursday 28 April 2022 2:11 AM IST
വാർഷികാഘോഷം

തിരൂർ: ഏഴ് ദിനരാത്രങ്ങിലായി തിരൂരിൽ നടക്കുന്ന മന്ത്രിസഭാ വാർഷികാഘോഷങ്ങളുടെ സംഘാടക സമിതി രൂപീകരിച്ചു. എ.ഡി.എം എൻ.എം. മെഹറലിയുടെ അദ്ധ്യക്ഷതയിൽ തിരൂർ തുഞ്ചൻ പറമ്പിൽ നടന്ന സംഘാടക സമിതി യോഗം താനാളൂർപഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക ഉദ്ഘാടനം ചെയ്തു. തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലും എസ്.എസ്.എം പോളിടെക്നിക്കിലുമായി മേയ് 10 മുതൽ 16 വരെ നടക്കുന്ന മേളയോട് അനുബന്ധിച്ചുള്ള പ്രദർശന വിൽപ്പന സ്റ്റാളുകൾ, കലാ സാംസ്‌കാരിക പരിപാടികൾ എന്നിവയുടെ കാര്യക്ഷമമായ നടത്തിപ്പിനായി മുഖ്യ സംഘാടക സമിതിക്ക് പുറമെ ജനപ്രതിനിധികൾ, വിവിധ സംഘടനകൾ, ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി 15 ലധികം സബ് കമ്മിറ്റികൾക്കും യോഗത്തിൽ രൂപം നൽകി.

മന്ത്രി വി. അബ്ദുറഹിമാൻ ചെയർമാനും എം.പിമാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ വൈസ് ചെയർമാന്മാരുമായ വിപുലമായ സംഘാടക സമിതിയാണ് രൂപീകരിച്ചത്. ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ ജനറൽ കൺവീനറും ജില്ലാ വികസന കമ്മീഷണർ എസ്. പ്രേം കൃഷ്ണൻ നോഡൽ ഓഫീസറും ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു കൺവീനറുമാണ്. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ് ശിവകുമാർ, കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ ജാഫർ കെ. കക്കൂത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ ഫാത്തിമ എന്നിവരാണ് ജോയിന്റ് കൺവീനർമാർ.

പ്രദർശനവിപണന മേളയോടനുബന്ധിച്ച ഒരുക്കങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. 250 ഓളം സ്റ്റാളുകളാണ് മേളയിലുണ്ടാവുക. കൂടാതെ കുടുംബശ്രീ ഉൾപ്പടെ ഫുഡ് കോർട്ടുകൾ, വിവിധ കൃഷി രീതികളും കാർഷിക ഉത്പന്നങ്ങളും പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ എന്നിവയുമുണ്ടാകും. വിവിധ കലാപരിപാടികൾ, സെമിനാറുകൾ, മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീൻ, തിരൂരങ്ങാടി നഗരസഭാ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി ഷഹീർ, പി. പുഷ്പ, സി.പി നസീറ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Advertisement
Advertisement